പ്രതിസന്ധി സമയം വരെ ജല വൈദ്യുതി ഉൽപാദനം നാമമാത്രം
text_fieldsപാലക്കാട്: രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുണ്ടാകുന്നതു വരെ കെ.എസ്.ഇ.ബിയുടെ ജലവൈദ്യുതി ഉൽപാദനം നാമമാത്രമായിരുന്നെന്ന് കണക്കുകൾ. 2024 ജനുവരിയിൽ ജല വൈദ്യുതി ഉൽപാദന ഡാമുകളിൽ 2649 മില്യൺ യൂനിറ്റ് (എം.യു) ജലമുണ്ടായിട്ടും വൈദ്യുതി ഉൽപാദനം 174 എം.യു മാത്രമായിരുന്നു. പ്രതിദിനം 20 എം.യു വെച്ച് പ്രതിമാസം 600 എം.യു വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ളിടത്താണ് മൂന്നിലൊന്ന് മാത്രം ഉൽപാദനം നടന്നത്. ഫെബ്രുവരിയിൽ 2317 എം.യു വെള്ളമുണ്ടായിരുന്നിടത്ത് 334 എം.യുവും, മാർച്ചിൽ 1901 എം.യു ഉണ്ടായിരുന്നിടത്ത് 414 എം.യുവും മാത്രം ഉൽപാദിപ്പിച്ചു. ഏപ്രിലിൽ പ്രതിസന്ധി ഉടലെടുത്തതോടെ 1406 എം.യു ജലവിതാനത്തിൽ 495 എം.യു ഉപയോഗിച്ച് ഉൽപാദനം വർധിപ്പിച്ചു. മേയ് മാസത്തിൽ കഴിഞ്ഞ വ്യാഴാഴ്ച വരെ 1216 മില്യൺ യൂനിറ്റ് സംഭരണത്തിൽ ഉൽപാദിപ്പിച്ചത് 190 മില്യൺ യൂനിറ്റ് വൈദ്യുതിയാണ്.
ഡാമുകളിൽ ജലവൈദ്യുതിക്കായി ഉപയോഗപ്പെടുത്തേണ്ട വെള്ളം കിടക്കുമ്പോഴാണ് ഊർജ പ്രതിസന്ധിയുടെ പേരുപറഞ്ഞ് ബാങ്കിങ് കരാറുകൾ വഴിയും പവർ എക്ചേഞ്ച് വഴിയും വൈദ്യുതി വാങ്ങിക്കൂട്ടിയത്. ഇപ്പോൾ വേനൽമഴ വന്നതോടെ വൈദ്യുതി ആവശ്യകത 2000 മെഗാവാട്ട് വരെ കുറഞ്ഞു. ഇതിനാൽ, ലഭ്യതയിൽ വന്ന മിച്ചം, യൂനിറ്റിന് 10 രൂപക്ക് പീക്ക് സമയങ്ങളിൽ പരമാവധി വിറ്റും കഴിയുന്നത്ര ജലം ഡാമുകളിൽ സംഭരിച്ച് ജൂണിൽ ഉപയോഗിക്കാനുമാണ് ശ്രമിക്കുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
ജലസംഭരണം കാലാവസ്ഥ പ്രവചനം വിശ്വസിച്ചെന്ന് കെ.എസ്.ഇ.ബി
പാലക്കാട്: കാലാവസ്ഥ പ്രവചനം വിശ്വസിച്ചാണ് ഡാമുകളിൽ കൂടുതൽ ജലം സംഭരിച്ചതെന്ന വിശദീകരണവുമായി കെ.എസ്.ഇ.ബി. കേന്ദ്ര കാലാവസ്ഥ വിഭാഗം ജൂൺ മുതൽ സാധാരണപോലെ മൺസൂൺ ലഭിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, മേയ് 13 മുതൽ ചെറിയ മഴയും ജൂൺ 17 മുതൽ ശക്തി പ്രാപിച്ച കാലവർഷവുമെത്തുമെന്ന് പിന്നീടാണ് പ്രവചനമെത്തിയതെന്ന് കെ.എസ്.ഇ.ബി വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
2018ലെ പ്രളയകാരണം ഡാമുകളിൽ സംഭരിക്കപ്പെട്ട വെള്ളം തുറന്നുവിട്ടതാണെന്ന പ്രചാരണം ആശങ്കക്കിടയാക്കിയിരുന്നു. സംസ്ഥാനത്തെ 16 ജലവൈദ്യുതി ഡാമുകളിലെ ജലവിതാനം മേയ് 31 ആവുമ്പോഴേക്ക് 15 ശതമാനത്തിൽ നിജപ്പെടുത്തണമെന്ന് കേന്ദ്ര ജലകമീഷനും നിർദേശിച്ചിരുന്നു. ജൂണിൽ ഉപയോഗപ്പെടുത്താൻ ജലം സംഭരിക്കുന്നതെന്ന കെ.എസ്.ഇ.ബി വിശദീകരണം ആശയക്കുഴപ്പത്തിനിടയാക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.