പാതയോരങ്ങളിലെ അനധികൃത പെട്ടിക്കടകൾ നീക്കേണ്ട സമയം അതിക്രമിച്ചു -ഹൈകോടതി
text_fieldsകൊച്ചി: കാൽനട, വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പാതയോരങ്ങളിൽ മുളച്ചുപൊന്തുന്ന അനധികൃത പെട്ടിക്കടകൾ (ബങ്കുകൾ) നീക്കാൻ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈകോടതി. തദ്ദേശസ്ഥാപനങ്ങളുടെയോ മറ്റ് അധികൃതരുടെയോ അനുമതിയില്ലാതെ റോഡരികിലും നടപ്പാതയിലും അനധികൃതമായി ബങ്കുകൾ സ്ഥാപിക്കുന്നത് കേരളത്തിൽ വ്യാപകമാണ്. ഇത്തരം അനധികൃത സംവിധാനങ്ങൾക്കെതിരെ സർക്കാറും തദ്ദേശസ്ഥാപനങ്ങളും നടപടിയെടുക്കണമെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി.
കോട്ടയം പൊൻകുന്നം ഇരുപതാംമൈലിൽ ദേശീയപാതയോരത്തെ വീടിനുമുന്നിൽ അനധികൃതമായി സ്ഥാപിച്ച ബങ്ക് നീക്കണമെന്നാവശ്യപ്പെട്ട് പ്രഫ. സെബാസ്റ്റ്യൻ ജോസഫ് നൽകിയ ഹരജിയിലാണ് ഈ നിരീക്ഷണം. വീട്ടിലേക്ക് കയറാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് ബങ്ക് സ്ഥാപിച്ചതെന്നും നീക്കണമെന്ന ആവശ്യം അധികൃതർ ചെവിക്കൊള്ളുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. തുടർന്നാണ് ഇത്തരം ബങ്കുകൾ സംസ്ഥാനത്ത് വ്യാപകമായെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
നിയമനടപടി നേരിടുമെന്ന ഘട്ടത്തിൽ ഉരുട്ടിക്കൊണ്ടുപോകാൻ കഴിയുന്ന തരത്തിലുള്ള ഇത്തരം ബങ്കുകളുടെ ചക്രങ്ങൾ കാലംകഴിയുന്നതോടെ മണ്ണിൽ പുതഞ്ഞ് പെട്ടിക്കട അവിടെത്തന്നെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. വേണ്ടത്ര സ്ഥലമില്ലാത്ത പാതയോരങ്ങളിലും നടപ്പാതകളിലും ഇത്തരം ബങ്കുകൾ കാരണം കാൽനടക്കാർക്ക് റോഡിലേക്കിറങ്ങി നടക്കേണ്ടിവരും. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
ദേശീയപാതകളുടെ സമീപം ഭൂമിയുള്ളവർക്ക് ഭൂമിയിൽനിന്ന് റോഡിലേക്കിറങ്ങാനുള്ള അവകാശം പല കോടതികളും ശരിവച്ചിട്ടുണ്ട്. ഹരജിക്കാരെൻറ വീട്ടിലേക്ക് കയറാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് ബങ്ക് സ്ഥാപിച്ചതെന്ന് പൊൻകുന്നം ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതരും ദേശീയപാത അസി. എക്സിക്യൂട്ടിവ് എൻജിനീയറും ചേർന്ന് ഒരുമാസത്തിനുള്ളിൽ ബങ്ക് നീക്കണമെന്നും ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.