യാത്രക്കാരെ അവഗണിച്ച് കോട്ടയം എക്സ്പ്രസിന്‍റെ സമയമാറ്റം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാർക്ക് ഒട്ടും പ്രയോജനമില്ലാതെ നാഗർകോവിൽ-കോട്ടയം അൺറിസർവ്ഡ് എക്സ്പ്രസിന്‍റെ (16366) സമയമാറ്റം. കൊല്ലം മുതൽ ചങ്ങനാശ്ശേരി വരെയുള്ള സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റംവരുത്തിയുള്ള പുതിയ പരിഷ്കാരത്തിൽ തിരുവനന്തപുരം മുതൽ വർക്കല വരെയുള്ള സ്റ്റേഷനുകളെ ആശ്രയിക്കുന്നവരെ പരിഗണിച്ചിട്ടില്ലെന്നാണ് വിമർശനം.
കൊല്ലത്ത് വൈകീട്ട് 4.55ന് എത്തുന്നത് തിങ്കളാഴ്ച മുതൽ വൈകീട്ട് 5.15നാകും എന്നതാണ് കാതലായ മാറ്റം. ഈ ട്രെയിൻ നിലവിൽ തിരുവനന്തപുരം വിടുന്നത് 2.35നാണ്. ശേഷം വഴിയിൽ നിർത്തിയിട്ടും വേഗം കുറച്ചുമാണ് 5.15ന് കൊല്ലത്തെത്തിക്കുക.അതേസമയം നിലവിൽ തിരുവനന്തപുരം വിടുന്ന 2.35 എന്നത് ചെന്നൈ മെയിൽ പുറപ്പെടുന്ന മൂന്നിന് ശേഷം 3.15നോ 3.20നോ ആക്കിയാൽ മറ്റ് സ്റ്റേഷനുകളിൽനിന്ന് ഓഫിസ്-സ്കൂൾ സമയം കഴിഞ്ഞിറങ്ങുന്നവർക്കടക്കം പ്രയോജനപ്പെടുമെന്നാണ് യാത്രക്കാർ പറയുന്നത്. ഈ ആവശ്യം റെയിൽവേക്ക് മുന്നിലുണ്ടെങ്കിലും ഇനിയും പരിഗണിച്ചിട്ടില്ല.
നിലവിൽ ഈ ട്രെയിൻ 2.35ന് വിടുമെങ്കിലും കൊച്ചുവേളി സ്റ്റേഷനിൽ ഏറെസമയം നിർത്തിട്ട് ശതാബ്ദി, ചെന്നൈ മെയിൽ എന്നിവ കടന്നുപോയ ശേഷമേ യാത്ര പുനരാരാംഭിക്കൂ. നേരത്തെ പാസഞ്ചറായിരുന്ന സമയത്ത് മൂന്ന് മണി കഴിഞ്ഞ് പുറപ്പെട്ടിരുന്ന ഈ ട്രെയിൻ സമയക്രമം പുതുക്കിയപ്പോഴാണ് 2.35 ആയി പുറപ്പെടൽ സമയം മാറിയത്.
നിലവിൽ മൂന്നിനുള്ള ചെന്നൈ മെയിൽ പോയാൽ പിന്നെ കോട്ടയം ഭാഗത്തേക്കുള്ള ഏക ആശ്രയം 5.15നുള്ള ചെന്നൈ സൂപ്പറാണ്. സമയപ്പട്ടികയിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയം 2.35 ആണെങ്കിലും ഫലത്തിൽ മിക്ക ദിവങ്ങളിലും തമ്പാനൂർ വിടുന്നത് മൂന്ന് കഴിഞ്ഞാണ്. കഴിഞ്ഞ മൂന്ന് ദിവസത്തെ സമയം ഇക്കാര്യം അടിവരയിടുന്നു. ജനുവരി 30, 31 തീയതികളിൽ നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് തമ്പാനൂർ വിട്ടത് വൈകിട്ട് 3.15നാണ്. ജനുവരി 29നാകട്ടെ 3.12നും.
കൃത്യമായി അഞ്ചോടെ ട്രെയിൻ കൊല്ലത്തെത്തുകയും ചെയ്തു. കടലാസിൽ 2.35ഉം പ്രയോഗത്തിൽ മിക്കദിവസങ്ങളിലും 3.15ഉം ആയി തുടരുന്നു ട്രെയിനിന്‍റെ സമയക്രമം. എല്ലാ യാത്രക്കാർക്കും ആശ്രയിക്കാവുന്ന തരത്തിൽ ക്രമീകരിക്കണമെന്നാണ് ആവശ്യം.
അതേ സമയം ഈ സമയം ട്രെയിനുകൾ നിർത്തിയിടാനുള്ള സ്ലോട്ടില്ലാത്തതാണ് ഇത്തരമൊരു സമയക്രമത്തിന് കാരണമെന്നും യാത്രക്കാരുടെ ആവശ്യം മുന്നിലുണ്ടെന്നുമാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. നാഗർകോവിലിൽനിന്ന് പുറപ്പെടുന്നതും കോട്ടയത്ത് എത്തുന്നതുമായ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടില്ല. 6.44ന് ചങ്ങനാശ്ശേരിയിൽ എത്തിയിരുന്ന ട്രെയിൻ തിങ്കളാഴ്ച മുതൽ 6.55നാണ് എത്തുക.
‘മൈസൂർ എക്സ്പ്രസ് അഞ്ചിന് പുറപ്പെട്ടാൽ വളരെ ഉപകാരം’
തിരുവനന്തപരും: കൊച്ചുവേളി-മൈസൂർ എക്സ്പ്രസിന്‍റെ (16316) സമയക്രമം സ്ഥിരം യാത്രക്കാർക്ക് സൗകര്യപ്പെടും വിധത്തിൽ പുനഃക്രമീകരിക്കണമെന്ന് ആവശ്യം. കൊച്ചുവേളി സ്റ്റേഷന് മൂന്ന് കിലോമീറ്റർ പരിധിയിൽ കേന്ദ്ര-സംസ്ഥാന ഓഫിസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ ആശുപത്രികൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. വൈകുന്നേരത്തെ മടക്കയാത്രക്ക് കൊച്ചുവേളിയിൽനിന്ന് 4.45ന് പറപ്പെടുന്ന കൊച്ചുവേളി-മൈസൂർ എക്സ്പ്രസാണ് (16316) ഇവർക്കെല്ലാമുള്ള ആശ്രയം.
സമയക്രമം 4.45 ആയതിനാൽ മൈസൂർ എക്സ്പ്രസ് കിട്ടുന്നതിന് ജോലി സ്ഥലത്തുനിന്നടക്കം നേരത്തെ ഇറങ്ങി ഓടിപ്പിടച്ചെത്തേണ്ട സാഹചര്യമാണുള്ളത്.ഇതിനുശേഷം കൊച്ചുവേളിയിൽനിന്ന് അഞ്ചിന് പുറപ്പെടുന്നതും ആഴ്ചയിൽ മൂന്ന് ദിവസമുള്ളതുമായ കൊച്ചുവേളി-യശ്വവന്ത്പുർ ഗരീബ്രഥ് എക്സ്പ്രസാണുള്ളത്. ഈ ട്രെയിനിലെ നിരക്ക് സാധാരണക്കാർക്ക് അപ്രാപ്യമാണ്.
ഈ സാഹചര്യത്തിൽ മൈസൂർ എക്സ്പ്രസിന്റെ സമയമായ 4.45ന് യശ്വന്ത്പുർ എക്സ്പ്രസും (12258) തിരിച്ച് യശ്വന്ത്പൂരിന്‍റെ സമയമായ വൈകീട്ട് അഞ്ചിന് എല്ലാവർക്കും ആശ്രയിക്കാവുന്ന മൈസൂർ എക്സ്പ്രസും (16316) പുറപ്പെടുംവിധം ക്രമീകരിക്കണമെന്നാണ് ആവശ്യം. ഇതോടൊപ്പം വൈകുന്നേരം അഞ്ചിന് ശേഷം കൊച്ചുവേളി സ്റ്റേഷനിൽ തിരുവനന്തപുരത്തുനിന്നുള്ള ഏതെങ്കിലും ഒരു ട്രെയിന് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.