ടിപ്പറിൽ നിന്ന് കല്ലു വീണ് വിദ്യാർഥി മരിച്ച സംഭവം: അനന്തുവിന്‍റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്
text_fieldsവിഴിഞ്ഞം: രാജ്യാന്തര തുറമുഖത്തേക്ക് അമിത ലോഡുമായി പോയ ടിപ്പറിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബി.ഡി.എസ് വിദ്യാർഥിയും മുക്കോല സ്വദേശിയുമായ അനന്തുവിന്റെ (27) കുടുംബത്തിന് ഒരു കോടി രൂപ നൽകാമെന്ന് അദാനി ഗ്രൂപ് അറിയിച്ചതായി എം. വിൻസന്റ് എം.എൽ.എ. അദാനി കമ്പനി പ്രതിനിധികൾ അനന്തുവിന്റെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തേ തുറമുഖത്തേക്ക് പോയ ടിപ്പർ ഇടിച്ചു പരിക്കേറ്റ അധ്യാപിക സന്ധ്യാ റാണിക്കും നഷ്ടപരിഹാരം നൽകുമെന്ന് പറയുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ടിപ്പറിൽനിന്ന് കല്ല് തെറിച്ചുവീണ് പരിക്കേറ്റ അനന്തു മാർച്ച് 19നാണ് മരിച്ചത്. അപകടത്തെ തുടർന്ന് വിവിധ രാഷ്ട്രീയകക്ഷികൾ തുറമുഖ കവാടം ഉപരോധിച്ചിരുന്നു. ടിപ്പറുകൾ ചട്ടം പാലിക്കാത്തതാണ് അപകട കാരണമെന്നാണ് ആരോപണം.
എം. വിന്‍സെന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
അനന്തുവിന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം..
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി തുറമുഖ കമ്പനിക്ക് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരണപ്പെട്ട ബൈക്ക് യാത്രക്കാരനായ ബി.ഡി.എസ് വിദ്യാർഥി അനന്തുവിന്റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് അദാനി കമ്പനി പ്രതിനിധികൾ മരണപ്പെട്ട അനന്തുവിന്റെ വീട്ടിലെത്തി അറിയിച്ചു.
കഴിഞ്ഞ ദിവസം കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഈ ആവശ്യം ഉൾപ്പടെ ഞങ്ങൾ ഉന്നയിച്ചിരുന്നു. ഈ സഹായം കൊണ്ട് അനന്തുവിന്റെ ജീവന് പകരമാകില്ലെങ്കിലും വിദ്യാഭ്യാസ വായ്പകൾ ഉൾപ്പടെ കടുത്ത സാമ്പത്തിക ബാധ്യതകൾ നിലവിലുള്ള ആ കുടുംബത്തിന് ഒരു ആശ്വാസം പകരുമെന്ന് വിശ്വസിക്കാം. അതുപോലെ തുറമുഖത്തേക്കുള്ള പാറക്കല്ലുകൾ കയറ്റിയ ടിപ്പറിലെ പാറ വീണ് കാലിന് ഗുരുതര പരിക്കേറ്റ ടീച്ചർക്കും അർഹമായ നഷ്ട പരിഹാരം രണ്ടു ദിവസത്തിനകം തീരുമാനിച്ച് അറിയിക്കാമെന്നും അദാനി തുറമുഖ കമ്പനി അറിയിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സാധനസാമഗ്രികൾ എത്തിക്കുന്ന വാഹന ഗതാഗതത്തിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നിബന്ധനകൾ ഇന്ന് ജില്ലാ കലക്ടർ പുറത്തിറക്കി. ആയത് ക്യത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ അധികാരികളും പോലീസും ഗതാഗത വകുപ്പും തയ്യാറായാൽ ഇനിയെങ്കിലും ഇതുപോലുള്ള അപകടങ്ങൾ ഒഴിവാക്കപ്പെടാൻ സാധിക്കും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.