ടിപ്പു ഏറ്റവും വലിയ ദേശീയവാദി -സുനിൽ പി. ഇളയിടം
text_fieldsവണ്ടൂര്‍: സാമ്രാജ്യത്വത്തിനെതിരെ സമ്പൂര്‍ണ പോരാട്ടം നടത്തിയ ഇന്ത്യയിലെ ഏക നാട്ടുരാജാവ് ടിപ്പു സുല്‍ത്താന്‍ മാത്രമായിരിക്കുമെന്ന് ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം. ടിപ്പുവിനെ ക്ഷേത്ര ധ്വംസകനായി അവതരിപ്പിക്കുന്നവര്‍ ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ദാസ്യവേലയാണ് ചെയ്യുന്നത്. ‘ഇ.എം.എസിെൻറ ലോകം’ ദേശീയ സെമിനാറില്‍ വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
പഴശ്ശിരാജപോലും ഒരുഘട്ടത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി കൈകോർത്താണ് ടിപ്പുവിനെ നേരിട്ടത്. ഇന്ത്യയുടെ ഭൂതകാലത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ചത് സാമ്രാജ്യത്വപക്ഷക്കാരായ ചരിത്രകാരന്മാരാണ്. ബ്രിട്ടീഷുകാരുടെ ചരിത്രാഖ്യാനത്തിന് ഇന്നും ഇന്ത്യയില്‍ തുടര്‍ച്ചയുണ്ടാക്കുന്നത് ഹിന്ദുത്വവാദികളാണ്. ബ്രാഹ്മണിക്കല്‍ ഇന്ത്യയെയാണ് സംഘ്പരിവാർ പ്രാചീന ഇന്ത്യയെന്നതിലൂടെ വിവക്ഷിക്കുന്നത്.
പ്രാചീനഭാരതം ഒരിക്കലും ഹൈന്ദവമല്ല. ഹിന്ദു ഇന്ത്യ എന്നാക്കി മാറ്റാനാണ് സംഘ്പരിവാര്‍ ചരിത്രകാരന്മാര്‍ ശ്രമിക്കുന്നത്. ശാസ്ത്രത്തോടോ യുക്തിബോധത്തോടോ ഒരിക്കലും യോജിക്കാത്ത അസംബന്ധങ്ങൾ പ്രചരിപ്പിക്കുകയാണവർ. വിഡ്ഢിത്തരങ്ങള്‍ക്ക് പേറ്റൻറ് നൽകുന്നതിന് മുന്നില്‍ നില്‍ക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യത്ത് ജീവിക്കേണ്ടിവന്നു എന്നുള്ളതാണ് നാമടക്കമുള്ളവര്‍ നേരിടുന്ന ദുര്‍വിധി.
സംസ്കാരങ്ങളുടെ പങ്കുവെപ്പാണ് ഭൂതകാലം കണ്ടത്. ഇതിനെ ഇന്ത്യാ ചരിത്രത്തിൽനിന്ന് ഇല്ലാതാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ഇന്ത്യയിലെ വസ്ത്രധാരണം, ഭക്ഷണം, വാസ്തുശിൽപം, ജ്യോതിശാസ്ത്രം, വിശ്വാസാചാരങ്ങൾ തുടങ്ങിയവയിലെല്ലാം ഈ കടമെടുക്കലും സംസ്കാരങ്ങളെ സ്വീകരിക്കലും കാണാം. നമ്മുടെ പറമ്പിലാണ് നിലാവുദിച്ചതെന്ന അവകാശവാദം അപരെൻറ പറമ്പിൽ പോയി നോക്കുന്നതുവരെ മാത്രമാണെന്ന എം.എൻ. വിജയെൻറ ഉപമ ഇക്കാര്യങ്ങൾക്ക് അടിവരയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.എം. ഷൗക്കത്ത് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ടോം കെ. തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.