തളരാത്ത ശബ്ദം; രാഷ്ട്രീയത്തിലെ ഉയിർത്തെഴുന്നേൽപ്
text_fieldsകൊച്ചി: ''സത്യം പറയുന്ന ഞാൻ ഒറ്റക്കാവാം. ഞാൻ പറയുന്നത് കേൾക്കാൻ ആളില്ലായിരിക്കാം. എന്നാൽ, മറ്റുശബ്ദങ്ങൾ തളർന്നാൽ എെൻറ ശബ്ദം കേൾക്കാതിരിക്കില്ല''- ഗാന്ധിജിയുടെ വാക്കുകളാണ് പി.ടി. തോമസിെൻറ ഇഷ്ടവചനങ്ങൾ. നിലപാടിൽ ഉറച്ചുനിൽക്കാൻ ഉത്തേജിപ്പിക്കുന്നതും ശക്തനാക്കുന്നതും ഈ വാക്കുകളാണെന്നാണ് പി.ടി പറയാറുള്ളത്.
സഭ തർക്കങ്ങളിൽപോലും വിട്ടുവീഴ്ചക്ക് ഉപദേശിച്ചവരോട് കടുകിട പിന്നോട്ട് പോകാൻ തയാറല്ലെന്ന് പ്രഖ്യാപിച്ചത് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതാണ് തെൻറ സ്വഭാവമെന്ന് വീണ്ടും വെളിപ്പെടുത്താനാണ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.പി പി.ടി. തോമസിന് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന നിലപാടെടുത്തതിനെത്തുടർന്ന് സീറ്റ് നഷ്ടമായി. ഇടുക്കി സഭാ മേധാവിക്ക് അനഭിമതനായതാണ് കാരണം. എന്തുതരം വികസനത്തെക്കാളും പ്രാമുഖ്യം നൽകേണ്ടത് പരിസ്ഥിതി സംരക്ഷണത്തിനാണെന്നും ഉറച്ചുവിശ്വസിച്ചു.
കസ്തൂരി രംഗൻ റിപ്പോർട്ടിനെ അംഗീകരിക്കുന്നില്ലെങ്കിലും ഗാഡ്ഗിൽ നിർദേശങ്ങളെ മുഖ്യധാരാ പാർട്ടികൾ അവഗണിച്ചത് ചരിത്രത്തിലെ മൗഢ്യവും ദുഖപര്യവസായിയുമായ അധ്യായമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മഹാരാജാസിൽ കെ.എസ്.യുവിൽ ഒപ്പം പ്രവർത്തിച്ച സമ്പന്ന ബ്രാഹ്മണ കുടുംബാംഗമായിരുന്ന ഉമയുമായുള്ള ബന്ധത്തെ അവരുടെ വീട്ടുകാർ എതിർത്തെങ്കിലും പള്ളിയിൽ കല്യാണം നടത്തണം എന്ന ഉപാധിയോടെ പി.ടിയുടെ വീട്ടുകാർ അനുവദിച്ചു. എന്നാൽ, ഉമയെ വിളിച്ചിറക്കി മതം മാറ്റിക്കാതെ ക്നാനായ നിയമമനുസരിച്ച് കോതമംഗലത്തെ പള്ളിയിൽ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ഉമയുടെ വീട്ടുകാരുടെ എതിർപ്പും മാറി.
ഭാര്യയായ ശേഷം ഉമ പള്ളിയിലും അമ്പലത്തിലും പോകും. പഠനം, പ്രണയം, രാഷ്ട്രീയം തുടങ്ങി ജീവിതയാത്രയിൽ ഒരുപാട് വെല്ലുവിളി നേരിട്ട പി.ടി ഇതെല്ലാം കരുത്ത് പകരാനുള്ള മാർഗമായി മാത്രമേ കണ്ടുള്ളൂ. എഴുതിത്തള്ളിയവരെ ഞെട്ടിച്ച രാഷ്ട്രീയത്തിലെ 'ഉയിർത്തെഴുന്നേൽപ്' നിലപാടുകൾക്കുള്ള പൊതുഅംഗീകാരത്തിന് തെളിവായി അവശേഷിപ്പിച്ചാണ് പി.ടിയുടെ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.