തിരൂർ ഉപജില്ല കായികമേള; മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ ആശങ്ക
text_fieldsതിരൂർ: ഉപജില്ല കായിക മേളയിലെ സിന്തറ്റിക് മത്സരങ്ങൾക്ക് തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം വേദിയാവുമ്പോൾ ആശങ്കയിലാണ് കായികാധ്യാപകരും കായിക താരങ്ങളും.
സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥയാണ് ആശങ്ക ഉയർത്തുന്നത്. പൊട്ടിപ്പൊളിഞ്ഞ സിന്തറ്റിക് ട്രാക്കിലാണ് ദേശീയ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഉപജില്ലയിൽ മത്സരിക്കുന്നത്. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്കൂളിലെ എട്ട് ദേശീയ താരങ്ങളാണ് ഉപജില്ല കായികമേളയിൽ കളത്തിലിറങ്ങുന്നത്.
ഹാമർ ത്രോയിൽ ഷുഹൈമ നിലോഫർ, റിദ, ജാവലിൻ ത്രോയിൽ അശ്വിൻ, നടത്തത്തിൽ കെ.പി. ഗീതു, നിരഞ്ജന, ലോങ്ജംപിൽ മുഹമ്മദ് ഹസിൻ, ഡിസ്കസ് ത്രോയിൽ ഫഹദ്, ഷോട്ട് പുട്ടിൽ ഷഹബാസ് എന്നിവരാണ് ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്കൂളിലെ ദേശീയ താരങ്ങൾ.
തിരുനാവായ നാവാമുകുന്ദ സ്കൂളിനായി ഹർഡിൽസിൽ ആദിത്യ രാജ്, ഹർഡിൽസിൽ ഫസലുൽ ഹഖ്, ജാവലിൻ ത്രോയിൽ വി.കെ. വിഷ്ണു എന്നിവരാണ് ഉപജില്ല കായിക മേളയിൽ കളത്തിലിറങ്ങുന്നത്.
പൊട്ടിപ്പൊളിഞ്ഞ സിന്തറ്റിക് ട്രാക്കിൽ മത്സരത്തിനിറങ്ങുമ്പോൾ പരിക്കേൽക്കുമോ എന്ന ആശങ്കയിലാണ് ദേശീയ താരങ്ങളും കായികാധ്യാപകരും. ഇക്കാര്യം അധ്യാപകർ തുറന്ന് പറയുകയും ചെയ്യുന്നുണ്ട്. പക്ഷേ, മറ്റൊരു മാർഗവുമില്ലാത്തതിനാൽ ഇവിടെ തന്നെ മത്സരങ്ങൾ നടത്തേണ്ട അവസ്ഥയിലാണ് സംഘാടകർ.
നല്ലൊരു സിന്തറ്റിക് സ്റ്റേഡിയം ഇല്ലാത്തതിനാൽ പരിശീലനത്തിനായി ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്കൂളിലെ കായിക താരങ്ങൾ പാലക്കാട് ചാത്തനൂർ ഗവ. സ്കൂളിലും തിരുനാവായ നാവാമുകുന്ദ സ്കൂളിലെ കായിക താരങ്ങൾ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലുമാണ് പരിശീലനം നടത്തുന്നത്. ഇത് സാമ്പത്തികമായും മറ്റും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
തിരൂർ ഉപജില്ല കായികമേളക്ക് നാളെ തുടക്കം
തിരൂർ: തിരൂർ ഉപജില്ല കായികമേള ഒക്ടോബർ ഏഴ്, എട്ട്, ഒമ്പത്, 10 തീയതികളിലായി തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലും തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളുകളിലായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഒമ്പതിന് രാവിലെ തിരൂർ ഡിവൈ.എസ്.പി ബിജു മേളയുടെ ഫ്ലാഗ് ഹോസ്റ്റിങ്ങ് നിർവഹിക്കും. തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ ഉദ്ഘാടനം ചെയ്യും. 10ന് വൈകീട്ട് നടക്കുന്ന സമാപനവും ഓവറോൾ ട്രോഫി വിതരണോദ്ഘാടനവും നഗരസഭ വൈസ് ചെയർമാൻ പി. രാമൻകുട്ടി നിർവഹിക്കും. നാലു ദിവസങ്ങളിലായി 4000ൽ പരം കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം ദേശീയ കായിക മത്സരത്തിൽ വിജയികളായ കുട്ടികൾവരെ പങ്കെടുക്കുന്ന മേളയാണിത്. വാർത്തസമ്മേളനത്തിൽ സംഘാടകരായ എൻ.പി. ഫൈസൽ, കെ. ഗിരീഷ്, പി. സജയ്, എം. ഷാജിർ, എൻ. സക്കീർ ഹുസൈൻ, ജി.എസ് ഷിജു എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.