തിരുവമ്പാടി എസ്റ്റേറ്റ് സമരം: പ്രമേയത്തിന് അനുമതി നിഷേധിച്ചു, നഗരസഭ യോഗത്തിൽ പ്രതിഷേധം
text_fieldsമുക്കം: തോട്ടംതൊഴിലാളി സമരം പരിഹരിക്കുന്നതിന് വകുപ്പ് മന്ത്രി ഇടപെടണമെന്ന പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ മുക്കം നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങളുടെ പ്രതിഷേധം. നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി പ്രവർത്തിക്കുന്ന തിരുവമ്പാടി റബർ കമ്പനിയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാനൂറോളം തൊഴിലാളികൾ കഴിഞ്ഞ രണ്ട് മാസത്തിലധികമായി സമരത്തിലാണ്.
തൊഴിലാളികൾ പട്ടിണിയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് പ്രശ്നത്തിൽ വകുപ്പ് മന്ത്രി ഇടപെട്ട് പരിഹാരശ്രമങ്ങൾ നടത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൗൺസിലർ അബ്ദുൽ ഗഫൂർ, ലീഗ് കൗൺസിലർ എം.കെ. യാസിർ എന്നിവർ ചേർന്ന് പ്രമേയം കൊണ്ടുവന്നത്.
പ്രമേയത്തിന് നഗരസഭ ചെയർമാൻ അനുമതി നിഷേധിച്ചതോടെ യു.ഡി.എഫ്- വെൽഫെയർ പാർട്ടി- ബി.ജെ.പി കൗൺസിലർമാർ ഒന്നടങ്കം മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തന്നോട് കൂടിയാലോചിക്കാതെ കൊണ്ടുവന്ന പ്രമേയത്തിന് അനുമതി നൽകാൻ പറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ അനുമതി നിഷേധിച്ചതെന്നും മൂന്നാഴ്ച മുമ്പ് പ്രമേയത്തിന് അപേക്ഷിച്ചിരുന്നെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.
തൊഴിലാളിപക്ഷത്ത് നിൽക്കേണ്ടതിന് പകരം ചെയർമാനും ഭരണപക്ഷവും എസ്റ്റേറ്റ് മുതലാളിമാരെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അവർ പറഞ്ഞു. വേണു കല്ലുരുട്ടി, ഗഫൂർ മാസ്റ്റർ, എം.കെ. യാസർ, വേണുഗോപാലൻ, ഗഫൂർ കല്ലുരുട്ടി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നല്കി.
അതേസമയം, കൗൺസിലർമാർ നല്കിയ പ്രമേയം നഗരസഭയുമായി ബന്ധപ്പെട്ട കാര്യമല്ലാത്തതിനാൽ അജണ്ടയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് അനുമതി നിഷേധിച്ചതെന്നും തൊഴിലാളിസമരത്തെ പിന്തുണക്കുമെന്നും നഗരസഭ ചെയർമാൻ പി.ടി. ബാബു മാധ്യമത്തോട് പറഞ്ഞു.
സി.പി.എമ്മിന് തിരിച്ചടി
മുക്കം: ജില്ലയിലെതന്നെ സുപ്രധാന തൊഴിൽസ്ഥാപനമായ തിരുവമ്പാടി തോട്ടത്തിലെ സമരവുമായി ബന്ധപ്പെട്ട് കൗൺസിലർമാർ കൊണ്ടുവന്ന പ്രമേയത്തിൽ മുക്കം നഗരസഭ ഭരണാധികാരികളെടുത്ത നിലപാട് ഭരണകക്ഷിയായ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കുന്നു.
സമരം അനന്തമായി നീളുകയും തൊഴിലാളികുടുംബങ്ങൾ വറുതിയിലേക്കും തോട്ടം അടച്ചുപൂട്ടലിന്റെ വക്കിലുമെത്തിയ സാഹചര്യത്തിലാണ് വകുപ്പ് മന്ത്രി ഇടപെട്ട് പരിഹാരശ്രമങ്ങൾ കൈക്കൊള്ളണമെന്ന് കാണിച്ച് വെൽഫെയർ പാർട്ടി കൗൺസിലർ ഗഫൂർ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രമേയം കൊണ്ടുവന്നത്.
ഇതിനെ പിന്തുണക്കുന്നതിന് പകരം 20 ദിവസം മുമ്പ് കൊടുത്ത അപേക്ഷ അജണ്ടയിൽ ഉൾപ്പെടുത്താൻപോലും സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി തയാറായില്ല. നഗരസഭ ഭരണാധികാരികളുടെ നടപടി തൊഴിലാളി പാർട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
എസ്റ്റേറ്റിലെ നാനൂറിലധികം വരുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും സി.പി.എം പ്രവർത്തകരും സി.ഐ.ടി.യു യൂനിയൻ അംഗങ്ങളുമാണ്. എന്നാൽ, പ്രമേയമവതരിപ്പിച്ച കൗൺസിലർമാരുടെ പാർട്ടികൾക്ക് ഇവിടെ യൂനിയനോ പ്രവർത്തകരോ ഇല്ല. എന്നിട്ടും പൊതുനന്മ ലക്ഷ്യമാക്കിയാണ് അവർ പ്രമേയമവതരിപ്പിക്കാൻ രംഗത്തുവന്നത്.
ഇതിനെ തുരങ്കംവെക്കുംവിധമുള്ള നടപടിയും തോട്ടമുടമകളേയും മാനേജ്മെൻറ് പ്രതിനിധികളേയും പ്രീതിപ്പെടുത്താനാണ് നഗരസഭ ചെയർമാൻ ഉൾപ്പെടെ ശ്രമിക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപവും സി.പി.എമ്മിന് കനത്ത വെല്ലുവിളിയാണ്.
തൊഴിലാളിപക്ഷത്ത് നിൽക്കുമ്പോൾതന്നെ യൂനിയൻ നേതാക്കളിൽ പലരും മാനേജ്മെൻറിന് വിടുപണി ചെയ്യുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് നഗരസഭയിലെ സംഭവവികാസങ്ങളെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.