കെ.എസ്.ഇ.ബി ഓഫിസ് ആക്രമണം; പ്രതികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു, ഓഫിസിന് മുന്നിൽ രക്ഷിതാക്കളുടെ പ്രതിഷേധം
text_fieldsതിരുവനന്തപുരം/കോഴിക്കോട്: തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ അതിക്രമിച്ചുകയറി അസി. എൻജിനീയറുൾപ്പെടെയുള്ള ജീവനക്കാരെ മർദിക്കുകയും ഓഫിസ് അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ ഉൾപ്പെട്ടവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. സി.എം.ഡി ബിജു പ്രഭാകറിന്റെ ഉത്തരവനുസരിച്ചാണ് നടപടി. അക്രമത്തിൽ ഓഫിസിന് മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം സെക്രട്ടറി യു.സി. അജ്മൽ (34), സഹോദരൻ ഷഹദാദ് (24) എന്നിവരെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ ജീവനക്കാരെ മർദിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ പരാതികളിലാണ് കേസെടുത്തത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ ഓഫിസിൽ ജീവനക്കാരുടെ യോഗം നടക്കുന്നതിനിടെയാണ് സംഭവം.
ബിൽ തുക അടക്കാത്തതിനെതുടർന്ന് വ്യാഴാഴ്ച അജ്മലിന്റെ വീട്ടിലെ വൈദ്യുതി കെ.എസ്.ഇ.ബി അധികൃതർ വിച്ഛേദിച്ചിരുന്നു. തുക അടച്ചതിനെതുടർന്ന് വെള്ളിയാഴ്ച വൈദ്യുതി പുനഃസ്ഥാപിക്കാനെത്തിയ കെ.എസ്.ഇ ബി ജീവനക്കാരനെ അജ്മൽ കൈയേറ്റം ചെയ്തതായി പൊലീസിൽ പരാതി നൽകി. ശനിയാഴ്ച രാവിലെ ഇക്കാര്യം ചോദിക്കാനെത്തിയ അജ്മലും സഹോദരനും ഓഫിസ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഓഫിസിലെ കമ്പ്യൂട്ടറും ഫർണിച്ചറും തകർന്നു. അസി. എൻജീനിയർ പി.എസ്. പ്രശാന്തിന്റെ ദേഹത്ത് മലിനജലമൊഴിക്കുകയും ചെയ്തു.
കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന്, കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന് അജ്മലിന്റെ പിതാവും മാതാവും കെ.എസ്.ഇ.ബി ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചു. അജ്മലിന്റെ പിതാവ് യു സി റസാഖിന്റെ പേരിലുള്ള വൈദ്യുതി കണക്ഷനാണ് വിച്ഛേദിച്ചത്. യു.പി മോഡല്‍ പ്രതികാര നടപടിയെന്ന് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.