ടൈറ്റാനിയം തട്ടിപ്പ്; കെണിയിൽപെടുത്തിയതെന്ന് ദിവ്യ
text_fieldsതിരുവനന്തപുരം: തന്നെ കെണിയിൽപെടുത്തുകയായിരുന്നെന്ന് ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുഖ്യ ഇടനിലക്കാരി ദിവ്യ നായർ. പൊലീസിന്റെ തെളിവെടുപ്പിനിടെ മാധ്യമപ്രവർത്തകരോടാണ് ഇപ്രകാരം പ്രതികരിച്ചത്. എന്നാല്‍, ആരാണ് കുടുക്കിയതെന്ന് വ്യക്തമാക്കുന്നുമില്ല.
വാങ്ങിയ പണം പ്രേംകുമാറിനും ശ്യാംലാലിനും വീതിച്ച് നൽകിയെന്നും കമീഷൻ മാത്രമാണ് കിട്ടിയതെന്നുമാണ് അവർ പറയുന്നത്. രണ്ടുദിവസമായി കസ്റ്റഡിയിലുള്ള ദിവ്യയുമായി വെഞ്ഞാറമൂട് പൊലീസ് പലയിടങ്ങളിലും തെളിവെടുപ്പ് നടത്തി. അതിനിടെ ടൈറ്റാനിയം പ്രോഡക്ട്സിലേക്കുള്ള നിയമനങ്ങളിൽ ഇനിമുതൽ നേരിട്ടുള്ള നിയമനം നടത്തേണ്ടെന്ന് വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ് നിർദേശിച്ചു.
തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത എട്ട് കേസുകളുടെ അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തു. അസി. കമീഷണർ ജെ.കെ. ദിനിലിന്റെ നേതൃത്വത്തിൽ ഒമ്പതംഗ സംഘത്തെയാണ് സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാർ നിയോഗിച്ചത്.
കേസുകൾ രജിസ്റ്റർ ചെയ്ത മ്യൂസിയം, കന്റോൺമെന്റ്, പൂജപ്പുര പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരും സംഘത്തിലുള്ളതിനാൽ അന്വേഷണം എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. മറ്റ് പ്രതികളായ ടൈറ്റാനിയം ലീഗല്‍ ഡി.ജി.എം ശശികുമാരന് തമ്പി, ദിവ്യയുടെ ഭർത്താവ് രാജേഷ്, സഹോദരൻ പ്രേംകുമാര്‍, ശ്യാംലാല്‍ എന്നിവർ ഇപ്പോഴും ഒളിവിലാണ്.
എം.ഡിയെയും ‘പ്രതിക്കൂട്ടിലാക്കി’ ശബ്ദരേഖ; നിഷേധിച്ച് എം.ഡി
തിരുവനന്തപുരം: ജോലി തട്ടിപ്പിൽ ടൈറ്റാനിയം എം.ഡിയെ പ്രതിക്കൂട്ടിലാക്കിയുള്ള ശബ്ദസംഭാഷണം പുറത്ത്. അറസ്റ്റിലായ ഇടനിലക്കാരി ദിവ്യനായരുടെ സംഭാഷണമാണ് പുറത്തുവന്നത്. 31 പേരെയാണ് ടൈറ്റാനിയത്തിലേക്ക് കൊടുത്തതെന്ന് ദിവ്യ നായര്‍ പണം നഷ്ടപ്പെട്ടവരോട് പറയുന്ന ശബ്ദരേഖയാണ് പുറത്തായത്.
30 പേരെയും ലീഗല്‍ ഡി.ജി.എം ശശികുമാരന് തമ്പിയാണ് ഇന്റര്‍വ്യൂ നടത്തിയതെന്ന് ദിവ്യ പറയുന്നു. ഒരാളെ ടൈറ്റാനിയം എം.ഡി ജോര്‍ജി നൈനാനാണ് ഇന്റര്‍വ്യൂ നടത്തിയത്. എല്ലാവരെയും പ്രേംകുമാര്‍, ശ്യാംലാല്‍ വഴിയാണ് ടൈറ്റാനിയത്തില്‍ എത്തിച്ചതെന്നും അവർ പറയുന്നുണ്ട്.
എന്നാല്‍, ഇക്കാര്യം എം.ഡി നിഷേധിച്ചു. താന്‍ ആരെയും ഇന്റര്‍വ്യൂ ചെയ്തിട്ടില്ലെന്ന് എം.ഡി ജോര്‍ജി നൈനാന് പ്രതികരിച്ചു. ഇതോടെ ദുരൂഹത വർധിക്കുകയാണ്. ടൈറ്റാനിയത്തിലെ ഒരു ഉദ്യോഗസ്ഥൻ മാത്രം വിചാരിച്ചാൽ ഇത്തരം തട്ടിപ്പ് നടത്താനാകില്ലെന്നും സ്ഥാപനത്തിലെ കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടാകുമെന്ന സംശയത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.