ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണം; ദമ്പതികൾ ശിശുക്ഷേമ സമിതിക്ക് മുന്നിൽ
text_fieldsകാക്കനാട്: ഒരുനിമിഷത്തെ തോന്നലിൽ പറ്റിയ തെറ്റിന് പശ്ചാത്താപത്താൽ നീറുന്ന മനസ്സുമായി വടക്കാഞ്ചേരി സ്വദേശി ഡിറ്റോയും ഭാര്യയും. തങ്ങൾ പള്ളിനടയിൽ ഉപേക്ഷിച്ചുപോയ ചോരക്കുഞ്ഞിനെ തിരികെ വേണമെന്നാണ് ആവശ്യം. ഇതിന് ജില്ലാ ശിശുക്ഷേമ സമിതിയുടെ കനിവിനായി കാത്തുനിൽക്കുകയാണ് അവർ.
ആവശ്യത്തെ തുടർന്ന്, ദമ്പതികളുടെ നിലവിലെ സാമ്പത്തികസ്ഥിതിയും സാഹചര്യങ്ങളും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ ശിശുക്ഷേമ സമിതി ചെയർപേഴ്സൻ പദ്മജ ആർ. നായർ തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഒാഫിസർക്ക് നിർദേശം നൽകി. കുഞ്ഞിനെ വിട്ടുകൊടുക്കണോ എന്ന കാര്യത്തിൽ റിപ്പോർട്ട് കിട്ടിയശേഷം തീരുമാനിക്കും.
ഇടപ്പള്ളി സെൻറ് ജോര്‍ജ് പള്ളി പാരിഷ് ഹാളിനുസമീപം ജൂണ്‍ ഒന്നിന് രാത്രി എട്ടോടെയാണ് മൂന്നുദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടത്. തൃശൂര്‍ മെഡിക്കല്‍ കോളജ്ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ ഡിസ്ചാര്‍ജ് പോലും ചെയ്യാതെ മാതാപിതാക്കള്‍ കൊണ്ടുവരുകയായിരുന്നു. പള്ളിയിലെ രണ്ട് നിരീക്ഷണ കാമറകളില്‍ പതിഞ്ഞ ദൃശ്യത്തിൽനിന്നാണ് ദമ്പതികളെ തിരിച്ചറിഞ്ഞത്. തുടർന്ന്, എളമക്കര പൊലീസ് വടക്കാഞ്ചേരിയിലെത്തി ഇവരെ അറസ്റ്റ് ചെയ്തു. റിമാൻഡിലായിരുന്ന ഇവർ ജാമ്യം ലഭിച്ചതോടെയാണ് കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിയെ സമീപിച്ചത്.
മൂന്ന് ആണ്‍കുട്ടികളുള്ള തങ്ങൾക്ക് നാലാമതൊന്നു കൂടി ഉണ്ടായപ്പോൾ നാട്ടില്‍ നേരിടേണ്ടി വന്ന പരിഹാസമാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കാരണമായതെന്നാണ് ദമ്പതികൾ പറഞ്ഞത്. തെറ്റിൽ പശ്ചാത്താപമുണ്ടെന്നും കുഞ്ഞിനെ തിരികെ വേണമെന്നുമാണ് ആവശ്യം. സാമൂഹികക്ഷേമ വകുപ്പിെൻറ അമ്മത്തൊട്ടിലിന് കൈമാറിയ കുഞ്ഞിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് ചെയര്പേഴ്സൻ അറിയിച്ചു.
ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണമെങ്കില്‍ ആറുമാസത്തിലൊരിക്കല്‍ ജില്ലാ ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കണമെന്നാണ് നിയമം. കുട്ടിയുടെ ആരോഗ്യത്തിലും പരിചരണത്തിലും വീഴ്ചവരുത്തിയാല്‍ തിരിച്ചെടുക്കും. ഒന്നര വര്‍ഷം മുമ്പ് ഓട്ടോയില്‍ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ദമ്പതികളുടെ അപേക്ഷ പരിഗണിച്ച് ജില്ലാ ശിശുക്ഷേമ സമിതി കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായി വിട്ടുകൊടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.