ടി.ജെ ചന്ദ്രചൂഢൻ; ഇടത്പക്ഷ രാഷ്ട്രീയം പറഞ്ഞ തലയെടുപ്പുള്ള നേതാവ് -വി.ഡി സതീശൻ
text_fieldsടി.ജെ ചന്ദ്രചൂഢന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. ഇടത്പക്ഷ രാഷ്ട്രീയം പറഞ്ഞിരുന്ന തലയെടുപ്പുള്ള നേതാവിനെയാണ് ചന്ദ്രചൂഢന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സതീശൻ പറഞ്ഞു. ആർ.എസ്.പിയിലെ പഴയ തലമുറ നേതാക്കളുടെ പരമ്പരയിലെ അവസാന കണ്ണി. ശൗര്യവും ആവേശവും ശൈലിയും കെടാതെ സൂക്ഷിച്ചയാൾ. നിലപാടുകളിലെ കാർക്കശ്യം. എല്ലാവരും ബഹുമാനപൂർവ്വം സർ എന്ന് വിളിച്ചയാൾ. വിഷയങ്ങളിലുള്ള അസാധാരണ അറിവ്, അതിനെ വിശകലനം ചെയ്യാനുള്ള അനിതരസാധാരണമായ കഴിവ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രയോക്താവ്. നിലപാടെടുക്കുമ്പോഴും അത് പറയുമ്പോഴും വാക്കുകൾ ചിലപ്പോൾ കർശനമാകും. അതിന്റെ പ്രത്യാഘാതമോ മറ്റുള്ളവർക്ക് അത് അനിഷ്ടമുണ്ടാക്കുമോ എന്നതൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല.
അനുഭവങ്ങളുടെ തീച്ചൂളയിൽ വളർത്തിയെടുത്ത രാഷ്ട്രീയത്തിന്റെ ചൂടും ഉൾക്കാഴ്ചയും ചന്ദ്രചൂഢനുണ്ടായിരുന്നു. പാർട്ടിയും മുന്നണിയും പ്രതിസന്ധികളെ അഭിമുഖീകരികുമ്പോൾ പ്രശ്നപരിഹാരത്തിന് എല്ലാവരും ഉറ്റുനോക്കിയ നേതാവായിരുന്നു അദ്ദേഹം. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ആർ.എസ്.പിയുടെ മുഖമായിരുന്നു ചന്ദ്രചൂഢൻ സർ. അദ്ദേഹത്തിന്റെ വിയോഗം യു.ഡി.എഫിനും നികത്താനാകാത്ത നഷ്ടമാണ്. സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.