ഭൂമി പോക്കുവരവ് നടത്തി ലഭിച്ച ആശ്വാസത്തിൽ ടി.കെ. ഗംഗാധരൻ
text_fieldsകൊച്ചി: ഏറെ നാളത്തെ ശ്രമങ്ങൾക്കു ശേഷം ഭൂമി പോക്കുവരവ് നടത്തിക്കിട്ടിയ ആശ്വാസത്തിലാണ് നായരമ്പലം പേരോളിൽ വീട്ടിൽ ടി.കെ.ഗംഗാധരൻ. അദാലത്തിലാണ് പരാതിക്ക് പരിഹാരമുണ്ടായത്. പൊക്കാളി കർഷകനായ ഗംഗാധരൻ 1986 മുതൽ 2017 വരെ സ്വന്തം തണ്ടപ്പേരിലാണു രണ്ടേക്കറോളം വരുന്ന കൃഷി ഭൂമിയുടെ പോക്ക് വരവ് നടത്തിക്കൊണ്ടിരുന്നത്.
എന്നാൽ 2020 ൽ കരം അടക്കാൻ എത്തിയപ്പോൾ സ്വന്തം പേരിൻറെ സ്ഥാനത്ത് മറ്റൊരാളുടെ പേര് വന്നത് ആശങ്കക്ക് ഇടയാക്കി. കഴിഞ്ഞ മൂന്നു വർഷമായി പേര് തിരുത്താൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. മന്ത്രി പി .രാജീവിൻറെ നിർദേശ പ്രകാരം സ്വന്തം തണ്ടപ്പേരിൽ തന്നെ അനുവദിച്ച് ലഭിച്ച ആശ്വാസത്തിലാണ് ഗംഗാധരൻ. ഭൂമിക്കു കരം അടച്ചു രസീതും കൈപ്പറ്റിയാണു ഗംഗാധരൻ അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.
ലൈഫ് ഭവനപദ്ധതി പ്രകാരം നിർമാണം പൂർത്തീകരിച്ച കുമ്പളങ്ങി സ്വദേശി സിന്ധു റോയി എട്ടുങ്കലിൻറെ വീടിനു കെട്ടിട നമ്പർ അനുവദിച്ചു ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകാൻ കുമ്പളങ്ങി പഞ്ചായത്തു സെക്രട്ടറിക്കു കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി നിർദേശം നൽകി.
ലൈഫ് പദ്ധതിപ്രകാരം നിർമിച്ചതും പഞ്ചായത്ത് അനുവദിച്ചതുമായ വീടാണെന്നതു പരിഗണിച്ച് ഇളവുകൾ നൽകി നമ്പർ നൽകാനാണു മന്ത്രിയുടെ നിർദേശം. കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ നാലാംം വാർഡിൽ 37.5 ച.മീ വിസ്‌തൃതിയിൽ ഗൃഹനിർമാണത്തിനായി 2023 ജൂലൈ ഒന്നിന് സിന്ധുവിന് അനുമതി ലഭിച്ചതാണ്. ക്യാൻസർ രോഗിയായ സിന്ധു 15 വർഷമായി വാടകവീട്ടിലാണു കഴിയുന്നത്. സ്വന്തമായി ഉള്ള ഒന്നേമുക്കാൽ സ്ഥലത്ത് ലൈഫ് പദ്ധതി പ്രകാരമാണു വീട് നിർമാണം പൂർത്തിയാക്കിയത്.
എന്നാൽ, നിർമാണം പൂർത്തിയാക്കി 2024 നവംബറിൽ ഉടമസ്ഥാവകാശ അപേക്ഷയോടൊപ്പം സമർപ്പിച്ച പൂർത്തീകരണ പ്ലാനിൽ പെർമിറ്റ് പ്ലാനിൽ നിന്നും വ്യത്യസ്‌തമായി, മുൻ വശം കുറഞ്ഞത് 1.20 മീറ്റർ തുറസായ സ്ഥലം ആവശ്യമുള്ളിടത്ത് 0.64 മീറ്റർ മാത്രമാണ് ഉള്ളതെന്ന് പഞ്ചായത്ത് കണ്ടെത്തി.
മുൻവശം ശരാശരി 1.80 മീറ്റർ തുറസായ സ്ഥലം ആവശ്യമാണെന്നും കൂടാതെ നിയമാനുസൃത തുറസായ സ്ഥലം ഇല്ലാതെ കോണിപ്പടി സ്ഥാപിച്ചിട്ടുള്ളതായും പഞ്ചായത്ത് സാങ്കേതിക വിഭാഗം റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു പഞ്ചായത്ത് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. എന്നാൽ, അപേക്ഷക കാൻസർ രോഗിയാണെന്നതുകൂടി അനുഭാവപൂർവം പരിഗണിച്ചു വേണ്ട നടപടികൾ സ്വീകരിക്കാനാണു മന്ത്രിയുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.