ടി.എൽ.എ കേസ്: ഉത്തരവാകുന്നതിനുമുമ്പ് ആദിവാസികളെ കുടിയിറക്കാൻ ഭീഷണിയെന്ന് പരാതി
text_fieldsകോഴിക്കോട് : ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി കേസിൽ (ടി.എൽ.എ) ഒറ്റപ്പാലം ആർ.ഡി.ഒയുടെ ഉത്തരവ് വരുന്നതിനുമുമ്പ് കുടിയിറക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്ന് ഡി.ജി.പിക്ക് പരാതി. വെച്ചപ്പതി ഊരിലെ മുരുകൻ, വേലുസ്വാമി എന്നീ രണ്ട് ആദിവാസികളാണ് പരാതി നൽകിയത്. വില്ലേജ് രേഖകൾ പ്രകാരം വേലു മുപ്പന്റെ ഭൂമിയാണിത്. ഇപ്പോൾ അവിടെ താമസിക്കുന്ന മുരുകന്റെയും വേലുസ്വാമിയുടെയും മുത്തച്ഛനാണ് വേലു മുപ്പൻ.
ഷോളയൂർ വില്ലേജിലെ രേഖകൾ പ്രകാരം 1784/1, 1780, 1783 എന്നീ സർവേ നമ്പരുകളിൽ വേലു മൂപ്പന് ഭൂമിയുണ്ട്. കടല, പയർ, പരുത്തി ചോളം, റാഗി എന്നിവ കൃഷി ചെയ്യുന്ന വിള ഭൂമിയായിരുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഇപ്പോൾ തരിശാണ്. ആടുമാടുകളെ മേയ്ക്കനാണ് ഇന്ന് ഭൂമി ഉപയോഗിക്കുന്നത്. കുഴൽക്കിണർ സൗകര്യം ഒരുക്കിയാൽ കൃഷി ചെയ്യാൻ സാധിക്കും. ഈ വർഷവും വേലുമൂപ്പന്റെ പേരിൽ 1784/1 സർവേ നമ്പരിലെ രണ്ട് ഹെക്ടർ 28 ആർ ഭൂമിക്ക് നികുതി 3590 രൂപ അടച്ചിരുന്നു.അതേസമയം 1780, 1783 എന്നീ സർവേ മ്പരിലെ ഭൂമിയുടെ പോരിൽ ഒറ്റപ്പാലം സബ് കലക്ടർ ഓഫിസിൽ ടി.എൽ എ കേസ് നിലവിലുണ്ട്.
ടി.എൽ.എ കേസിൽ ഒറ്റപ്പാലം സബ് കലക്ടറുടെ കാര്യാലയത്തിൽ 2020 ഒക്ടോബർ 12ന് രേഖകളുമായി ഹാജരാക്കാൻ നോട്ടീസ് അയച്ചിരുന്നു. ആർ.ഡി.ഒ വിചാരണക്കാണ് വിളിച്ചത്. ഈ നോട്ടീസിൽ കൂത്താട്ടുകുളം സ്വദേശി ഹരിനാഥ്, മാവേലിക്കര സ്വദേശി മനു ചാക്കോ, തളിപ്പറമ്പ് സ്വദേശി എം. രാഘവൻ, കോഴിക്കോട് ചൊവ്വായൂർ എസ്.ബി.ഒ കോളനിയിലെ മോഹനൻ, കടവന്ത്ര മുട്ടത്തിവൈൻ പുത്തൻവീട്ടിൽ ജഗദീഷ് ചന്ദ്രൻ എന്നിവരോടും ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. ഇവരെല്ലാമാണ് ടി.എൽ.എ കേസിൽ നിലവിൽ ഭൂമിക്കുവേണ്ടി വാദിക്കുന്നവർ.
ടി.എൽ.എ കേസ് (65/88) ഇപ്പോഴും ആർ.ഡി.ഒ യുടെ മുന്നിൽ പരിഗണനയിലാണ്. എന്നാൽ, തമിഴ്നാട്ടിലുള്ള ആളുകളാണ് രാത്രി കമ്പികളുമായി വന്ന് കോൺക്രീറ്റ് മിശ്രിതം കുഴച്ചിട്ട് തൂണുകൾ സ്ഥാപിച്ച് ഭൂമി കൈയേറുന്നത്. അവർ ഭൂമിയിൽ പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുകയാണ്. ഇതിനെതിരെ പരാതി പൊലീസ് മേലധികാരികൾക്കും നൽകിയിരുന്നു. എന്നാൽ, നടപടികൾ ഒന്നും ഉണ്ടാകുന്നില്ല.
മെയ് 27ന് ഉച്ചകഴിഞ്ഞ് ഷോളയൂർ പോലീസ് സ്റ്റേഷനിലെ കുറെ പോലീസുകാരും അട്ടപ്പാടി ഡ്രൈവർ താലൂക്കിലെ സർവയറും മറ്റുചിലരും എത്തി ഭൂമിയിൽ കൈയേറ്റം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. തൂണുകൾ ഇടുന്നത് എതിർത്തപ്പോൾ ആദിവാസികളെ കൊന്നുകളയുമെന്നും എല്ലാവരെയും ജയിലിലാക്കുമെന്നും വാഹനത്തിലെത്തിയ സംഘം ഭീഷണിപ്പെടുത്തി. മുത്തച്ഛൻറെ ഭൂമിയിൽ ആടുകമാടുകളെ വളർത്തിയാണ് ജീവിക്കുന്നത്. രാത്രി വാഹനങ്ങളിൽ എത്തുന്നവർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ എതിർക്കനാവില്ല. അതിനാൽ ടി.എൽ.എ കേസ് തീർപ്പാക്കുന്നത് വരെ ഭീഷണിയിൽ നിന്ന് രക്ഷിക്കണം എന്നാണ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒറ്റപ്പാലം ആർ.ഡി.ഒയുടെ മുന്നിൽ ടി.എൽ.എ കേസ് നിലനിൽക്കുന്ന ഭൂമിയാണിത്. ടി.എൽ.എ കേസിൽ ഉത്തരവാകുന്നതുവരെ പൊലീസ് സംരക്ഷണം ലഭിക്കണമെന്നാണ് വേലിസ്വാമിയും മുരുകും പരാതിയിൽ ആവശ്യപ്പെടുന്നത്. കോഴിക്കോട് ചൊവ്വായൂർ എസ്.ബി.ഒ കോളനിയിലെ മോഹനൻ, കടവന്ത്ര മുട്ടത്തിവൈൻ പുത്തൻവീട്ടിൽ ജഗദീഷ് ചന്ദ്രൻ എന്നിവർ അട്ടപ്പാടിയിലെ മറ്റൊരു ഭൂമി കൈയേറ്റത്തിലും പേരുള്ളവരാണ്. മോഹനൻ ആ പരാതിയിൽ എറണാകുളം പാലച്ചുവടിലെ വിലാസമാണ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.