ടി.എൽ.എ കേസ്: കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി മാത്രമേ വിട്ടു നൽകാവൂ എന്ന് സബ് കലക്ടർ മിഥുൻ പ്രേംരാജ്
text_fieldsകോഴിക്കോട് : അട്ടപ്പാടിയിലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി (ടി.എൽ.എ) കേസിൽ നിർണായക ഉത്തരവിട്ട് ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേംരാജ്. തർക്കഭൂമിയുടെ പുനസ്ഥാപന വേളയിൽ, കാർഷികാവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്ന ഭൂമിക്ക് മാത്രമേ, നിയമത്തിലെ വകുപ്പ് അഞ്ച് (രണ്ട്) പ്രകാരം ആദിവാസി ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് നൽകാവൂ എന്നാണ് ഉത്തരവ്. ഇക്കാര്യം തഹസിൽദാർ (ഭൂരേഖ) പ്രത്യേകം ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
അന്യാധീനപ്പെട്ട ആദിവാസി ഭൂമി, കൃഷിഭൂമിയാണെങ്കിൽ 1999-ലെ കെ.എസ്.ടി. നിയമ പ്രകാരമുള്ള നടപടികളും, കൃഷിയേതര ഭൂമിയാണെങ്കിൽ 1975-ലെ കെ.എസ്.ടി നിയമ പ്രകാരമുള്ള നടപടികളും സ്വീകരിക്കണമെന്നാണ് റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറി നൽകിയ നിർദേശം. അതിന്റെ അടിസ്ഥാനത്തിൽ, ടി.എൽ.എ കേസിലെ തർക്കഭൂമി കൃഷിഭൂമിയാണോ അഥവാ കൃഷിയേതര ഭൂമിയാണോ എന്നതിൽ വ്യക്തത വരുത്തണമെന്ന് സബ് കലകട്ർ നിർദേശിച്ചത്. അതിനായി സബ് കലക്ടർ അട്ടപ്പാടി തഹസിൽദാരി(ഭൂരേഖ)ൽ നിന്നും റിപ്പോർട്ട് തേടി.
ഷോളയൂർ വരഗംപാടി ശിവനുവേണ്ടി ചെറുമകൻ ആറുമുഖൻ 1987 ൽ സമർപ്പിച്ച പരാതിയെ തുടർന്ന് എടുത്ത കേസിലാണ് ഉത്തരവായത്. ഈ കേസിൽ ഷോളയൂർ വില്ലേജ് ഓഫിസർ നടത്തിയ പരിശോധനയിൽ 1489,1495 എന്നീ സർവേ നമ്പരുകളിൽ എട്ട് ഏക്കർ ഭൂമി ആദിവാസി കുടുംബത്തിന് അന്യാധീനപ്പെട്ടതായി 1995 ൽ റിപ്പോർട്ട് നൽകി. 1999 ലെ നിയമ പ്രകാരം 2009 ൽ നടത്തിയ വിചാരണയിൽ എതിർ കക്ഷികൾ ആരും ഹാജരായിട്ടില്ല. 2011 മാർച്ച് 23 ന് ഷോളയൂർ വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് പ്രകാരം ഈ കേസിലെ തർക്ക ഭൂമി കൈവശം വെച്ചിരിക്കുന്നവർ ടി.എൽ.എ കേസ് നിലനിൽക്കെ കൈമാറ്റം നടത്തി. എന്നാൽ, തർക്ക ഭൂമിയുടെ രേഖകൾ ആരും ഹാജരാക്കിയില്ല. അതിനാൽ 1999 ലെ നിയമപ്രകാരം ആദിവാസികൾക്ക് ഭൂമി പുനസ്ഥാപിച്ചു നൽകാൻ ഉത്തരവായി.
എന്നാൽ, തർക്ക ഭൂമി വാങ്ങിയ കോയമ്പത്തൂർ സ്വദേശികളായി സുമതി, കെ. ശെൽവരാജ് തുടങ്ങിയവർ കലക്ടർക്ക് അപ്പീൽ നൽകി. തുടർന്ന കലക്ടറുടെ ഉത്തരവ് പ്രകാരം സബ്കലക്ടറുടെ ഉത്തരവ് റദ്ദാക്കി വീണ്ടും വിചാരണ നടത്തി. 2015 മെയ് 20 മുതൽ 2024 മാർച്ച് 12 വരെ വിവിധ ദിവസങ്ങളിൽ വിചാരണ നടത്തി.
ഈ കേസിലെ തർക്കഭൂമി, നാല് തിരാധാരങ്ങൾ പ്രകാരം ആദിവാസികളല്ലാത്ത മൂന്ന് വ്യത്യസ്ത വ്യക്തികൾക്ക് ടി.എൽ.എ ഹരജിക്കാരൻ കൈമാറി. ഈ മൂന്ന് വ്യക്തികളിൽ ഓരോരുത്തർക്കും തീറു ലഭിച്ച ഭൂമിക്ക് വകുപ്പ് അഞ്ച് (രണ്ട്)-ന്റെ ആനുകൂല്യം വെവേറെ ലഭിക്കും. എന്നാൽ ഈ ഭൂമിയിൽ 01.28 ഏക്കർ ഭൂമിയിൽ അവകാശം തെളിയിക്കുന്നതിന് എതിർകക്ഷികൾക്ക് സാധിച്ചിട്ടില്ല. അത് ഒഴികെയുള്ള ഭൂമി 1999-ലെ കെ.എസ്.ടി നിയമത്തിലെ വകുപ്പ് എട്ട് പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിന്, എതിർകക്ഷികൾക്ക് അർഹതയുണ്ടായിരിക്കും.
കേസിലെ തർക്കഭൂമി ഭാഗികമായി കാർഷികാവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്നുവെന്നാണ് തഹസിൽദാരു(ഭൂരേഖ) ടെ റിപ്പോർട്ട് നൽകിയത്. നിശ്ചിത സമയപരിധിക്കം എതീർകക്ഷികൾ ഈ ഉത്തരവ് പാലിക്കാത്ത പക്ഷം 1999 ലെ കെ.എസ്.ടി നിയമവും 1989-ലെ പട്ടികജാതി-പട്ടികവർഗ(അതിക്രമങ്ങൾ തടയൽ) നിയമം എന്നിവ പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കാമെന്നാണ് ഉത്തരവ്.
ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഭൂമിക്ക് 'തത്തുല്യമായ പകരം ഭൂമി', 1999 ലെ കെ.എസ്.ടി നിയമം വകുപ്പ് ആറ് പ്രകാരം സർക്കാരിൽ നിന്നും അനുവദിച്ച് കിട്ടുന്നതിന് അർഹതയുണ്ട്. അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ(ഭൂരേഖ), എതിർകക്ഷികൾക്ക് കൈവശം വെക്കാവുന്ന കൃഷിഭൂമി, താലൂക്ക് സർവെയറുടെയും, വില്ലേജ് ഓഫീസറുടെയും സഹായത്തോടു കൂടി വേർതിരിച്ച് അടയാളപ്പെടുത്തണം. ബാക്കി സ്ഥലം ടി.എൽ.എ. ഹരജിക്കാരന്റെ അവകാശികൾക്ക് നിയമാനുസൃതം വീണ്ടെടുത്ത് നൽകി. മഹസർ, സ്കെച്ച്, ഫോറം ഏഴ് എന്നിവ സഹിതം ഈ ഓഫീസിലേക്ക് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണം. ടി.എൽ.എ. ഹരജിക്കാരൻ്റെ അവകാശികൾക്കോ, എതിർകക്ഷികൾക്കോ, 30 ദിവസത്തിനകം പാലക്കാട് കലക്ടർ മുമ്പാകെ അപ്പീൽ ഫയൽ ചെയ്യാമെന്നും ഉത്തരവിൽ പറയുന്നു.
ഭൂമിയുടെ സർവേ നടപടികൾക്ക് തഹസിൽദാർ(ഭൂരേഖ) ആവശ്യപ്പെട്ടാൽ പൊലീസ് സംരക്ഷണവും നൽകണം. ടി.എൽ.എ കേസിലെ വരും കാല ഉത്തരവുകൾക്കെല്ലാം മാതൃകയാവും ടി.എൽ.എ 2054/87 എന്ന നമ്പരിലെ സബ് കലക്ടറുടെ ഉത്തരവ്. സബ് കലക്ടർ മിഥുൻ പ്രേരാജിന്റെ ആദ്യ ഉത്തരവാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.