ഗാന്ധി ദർശൻ സ്‌മൃതി മാസികയിൽ സവർക്കർ; പ്രധാനമന്ത്രി മാപ്പുപറയണമെന്ന് പ്രതാപൻ
text_fieldsന്യൂഡൽഹി: ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിന് സ്ഥാപിതമായ ഗാന്ധിദർശൻ സ്‌മൃതി സമിതിയുടെ മാസികയിൽ സവർക്കറെ അവതരിപ്പിച്ചത് അങ്ങേയറ്റം അപമാനകാരവും ഗാന്ധിനിന്ദയുമാണെന്ന് ടി.എൻ. പ്രതാപൻ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നൽകിയ നോട്ടീസിൽ കുറ്റപ്പെടുത്തി. പ്രസ്തുത സമിതിയുടെ അധ്യക്ഷൻ എന്ന നിലക്ക് പ്രധാനമന്ത്രി മാപ്പുപറയണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിൽ ഖേദിക്കുകയും ജയിലിലായിരിക്കെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് വിധേയപ്പെട്ടുകൊള്ളാം എന്നുപറഞ്ഞ് മാപ്പപേക്ഷ നൽകുകയും ചെയ്ത സവർക്കർ എങ്ങനെയാണ് ഗാന്ധിസ്മൃതി മാസികയിൽ സ്തുതി അർഹിക്കുന്നതെന്ന് പ്രതാപൻ ചോദിച്ചു. സവർക്കറുടെ ഹിന്ദുത്വ ആശയങ്ങൾ ഗാന്ധിയുടെ ഹിന്ദു മതാശയങ്ങളോടും മതേതര ചിന്തകളോടുമാണ് ഏറ്റുമുട്ടിയത്.
ഗാന്ധിവധത്തിൽ ഒരിക്കൽ പ്രതിചേർക്കപ്പെട്ട ഗാന്ധി ഘാതകന്‍റെ ആരാധ്യ പുരുഷനായ സവർക്കർ ഗാന്ധി ദർശൻ മാസികയുടെ പ്രധാന ഉള്ളടക്കമായി സ്തുതിക്കപ്പെടുന്നത് അനീതിയും അപമാനവുമാണ്. വിഷയത്തിൽ സഭാ നടപടികൾ നിർത്തിവെച്ചുള്ള ചർച്ച വേണമെന്ന പ്രതാപന്‍റെ ആവശ്യം സ്പീക്കർ ഓം ബിർല തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.