ടി.എൻ. സീമക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി; ശമ്പളം രണ്ടു ലക്ഷം കവിയും
text_fieldsതിരുവനന്തപുരം: നവകേരളം കർമപദ്ധതി സംസ്ഥാന കോഓഡിനേറ്ററും സി.പി.എം സംസ്ഥാന സമിതി അംഗവുമായ ടി.എൻ. സീമക്ക് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവി നൽകി ഉത്തരവ്. ഔദ്യോഗിക വാഹനം ഓടിക്കുന്നതിന് ഡ്രൈവറെയും ഓഫിസ് പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് ഓഫിസ് അറ്റൻഡൻറിനെയും കരാർ വ്യവസ്ഥയിൽ നിയമിക്കാനും അനുമതി നൽകി. പ്രിൻസിപ്പൽ സെക്രട്ടറി പദവി ലഭിച്ചതോടെ പ്രതിമാസം രണ്ടു ലക്ഷത്തിലധികം രൂപ ശമ്പളമായി ലഭിക്കും.
ഐ.എ.എസ് ലഭിക്കുന്നയാൾക്ക് കുറഞ്ഞത് 25 വർഷം സർവിസാകുമ്പോൾ ലഭിക്കുന്ന പദവിയാണ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം. 1.82 ലക്ഷം രൂപയാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം. 30,000 രൂപ ഗ്രേഡ് പേയും. ഡി.എ, അടിസ്ഥാന ശമ്പളത്തിന്റെ എട്ടുമുതൽ 24 ശതമാനം വീട്ട് വാടക അലവൻസ് എന്നിവയുമുണ്ട്. ഫോൺ ചാർജ്, മെഡിക്കൽ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
സീമ ആവശ്യപ്പെട്ട പ്രകാരമാണ് ഡ്രൈവറെയും പ്യൂണിനെയും അനുവദിക്കാൻ മന്ത്രിസഭ അനുമതി നൽകിയത്. അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇതു സംബന്ധിച്ച ഉത്തരവിറക്കി. കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് സീമയെ നവകേരളം കർമപദ്ധതി കോഓഡിനേറ്ററായി നിയമിച്ചത്.
ലൈഫ്, ആർദ്രം, ഹരിത കേരള മിഷൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാല് മിഷനുകൾ കൂട്ടിച്ചേർത്താണ് നവകേരള കർമപദ്ധതി രൂപവത്കരിച്ചത്. ഒന്നാം പിണറായി സർക്കാറിൽ ഹരിത കേരള മിഷൻ കോഓഡിനേറ്ററായിരുന്നു സീമ. നവ കേരള മിഷന്റെ തലപ്പത്ത് മുമ്പ് ചെറിയാൻ ഫിലിപ്പായിരുന്നു. ചെറിയാൻ ഫിലിപ്പിന് പ്രിൻസിപ്പൽ സെക്രട്ടറി പദവി ഇല്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.