മാധ്യമങ്ങൾക്ക് നിർഭയമായി പ്രവർത്തിക്കാനുള്ള ഇടപെടൽ വേണം -മന്ത്രി കെ. രാജൻ
text_fieldsകോഴിക്കോട്: മാധ്യമങ്ങൾക്ക് നിർഭയമായി പ്രവർത്തിക്കാനുള്ള ഇടപെടലുകൾ ആവശ്യമാണെന്ന് റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ. സീനിയർ ജേണലിസ്റ്റ്സ് ഫോറം പത്താം സംസ്ഥാന സമ്മേളനം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന പത്രപ്രവർത്തകരുടെ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കുമെന്നും അതൊരു ആദരവിന്‍റെ പ്രശ്നമായി കാണുമെന്നും കോഴിക്കോട്ട് മീഡിയ മ്യൂസിയമുണ്ടാക്കാൻ സഹായം നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കേരളം എങ്ങനെ ദൈവത്തിന്‍റെ സ്വന്തം നാടായി എന്നത് പലപ്പോഴും നാം വിസ്മരിച്ചുപോകുന്നു. ഫാഷിസ്റ്റ് കാലത്ത് ഭരണകൂടങ്ങൾ മാധ്യമപ്രവർത്തനങ്ങളിൽ ഇടപെടുന്നു. ഇഷ്ടമില്ലാത്ത മാധ്യമങ്ങൾ പൂട്ടിക്കുകയെന്ന പുതിയ ശീലത്തിലേക്ക് വന്നു. മീഡിയവണും നാഷനൽ ഹെറാൾഡുമൊക്കെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്നു.
അക്ഷരങ്ങളുടെ കൂട്ടുകാരെ അടച്ചുപൂട്ടുന്ന തന്ത്രത്തിലേക്ക് ഭരണകൂടം പോകുന്നത് ഗൗരവത്തിലെടുക്കണം. പത്രാധിപന്മാരും മാധ്യമപ്രവർത്തകരും തമ്മിൽ അകലമേറുന്നോയെന്ന് പരിശോധിക്കണം. മാനേജ്മെന്‍റിന്‍റെ ആവശ്യത്തിനായി എഴുതാനാവില്ലെന്ന് പ്രഖ്യാപിച്ചും ഇടഞ്ഞും നിന്ന മാധ്യമപ്രവർത്തകരുടെ നാടാണ് കേരളം. സമരസപ്പെടുന്നതിന്‍റെ തുല്യതയിലേക്ക് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്‍റ് അഡ്വ. വി. പ്രതാപചന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ, എം. രാജൻ, കേരള പത്രപ്രവർത്തക യൂനിയൻ നിയുക്ത പ്രസിഡന്‍റ് എം.വി. വിനീത, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്‍റ് എം. ഫിറോസ് ഖാൻ, എ. മാധവൻ എന്നിവർ സംസാരിച്ചു. സി.എം. കൃഷ്ണപ്പണിക്കർ സ്വാഗതവും ഹരിദാസൻ പാലയിൽ നന്ദിയും പറഞ്ഞു. നിധീഷ് നടേരി രചിച്ച് സായി ബാലൻ സംവിധാനം ചെയ്ത അവതരണഗാനവുമുണ്ടായി. പി.കെ. മുഹമ്മദ് പതാകയുയർത്തി. സമ്മേളനം ശനിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.