ഡൽഹിയിലെ നേതൃദൗർബല്യം പരിഹരിക്കാൻ സി.പി.എമ്മിന് ഇനി കേന്ദ്ര സെക്രട്ടേറിയറ്റ്
text_fieldsകണ്ണൂർ: സംഘടനപരമായ വെല്ലുവിളികൾ അതിജീവിക്കാനുള്ള നടപടിയുടെ ഭാഗമായി കേന്ദ്ര സെക്രട്ടേറിയറ്റ് സംവിധാനം സി.പി.എം പുനരുജ്ജീവിപ്പിക്കുന്നു. തകർച്ചയിൽനിന്ന് തകർച്ചയിലേക്ക് നീങ്ങുന്ന പാർട്ടിയുടെ ഡൽഹി പാർട്ടി സെന്‍റർ പ്രവർത്തനം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദൈനംദിന പ്രവർത്തനങ്ങളിൽ പോളിറ്റ് ബ്യൂറോയെ സഹായിക്കുന്ന ജോലിയാണ് കേന്ദ്ര സെക്രട്ടേറിയറ്റ് നിർവഹിക്കേണ്ടത്. പാർട്ടി കോൺഗ്രസിൽ മൂന്നാം ദിവസം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച സംഘടന റിപ്പോർട്ടിൽ പാർട്ടി സെന്‍ററിന്‍റെ പ്രവർത്തന ദൗർബല്യം എടുത്തുപറയുന്നുണ്ട്.
ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ എടുത്ത സംഘടനപരമായ പല തീരുമാനങ്ങളും വേണ്ടവിധം നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്ന സ്വയംവിമർശനം റിപ്പോർട്ടിലുണ്ട്. 2015 പാർട്ടി പ്ലീനത്തിലെ തെറ്റുതിരുത്തൽ നടപടി നടപ്പാക്കുന്നതിലും വീഴ്ച സമ്മതിക്കുന്നു. പോളിറ്റ് ബ്യൂറോയുടെയും പാർട്ടി സെന്‍റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരുടെയും പോരായ്മയാണ് ഇതിനു കാരണമായി കണക്കാക്കുന്നത്. അത് പരിഹരിക്കാൻ കൂടിയാണ് കേന്ദ്ര സെക്രട്ടേറിയറ്റ് സംവിധാനം പുനഃസ്ഥാപിക്കുന്നത്. പോളിറ്റ് ബ്യൂറോക്കും കേന്ദ്ര കമ്മിറ്റിക്കുമൊപ്പം നേരത്തേയുണ്ടായിരുന്ന ഈ സംവിധാനം 21ാം വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ വേണ്ടെന്ന് വെക്കുകയായിരുന്നു.പുതിയ സംവിധാനം നിലവിൽ വരുമ്പോൾ കേരളത്തിൽനിന്ന് കിസാൻ സഭ നേതാവ് വിജു കൃഷ്ണൻ കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് വരുമെന്നാണ് സൂചന. എളമരം കരീം എം.പി ഉൾപ്പെടെയുള്ളവരും കേരളത്തിൽ നിന്നുണ്ടായേക്കും.കേന്ദ്ര സെക്രട്ടേറിയറ്റ് വേണമെന്ന ധാരണയിലെത്തിയിട്ടുണ്ടെന്നും എണ്ണവും പേരുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും മുതിർന്ന പി.ബി അംഗം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.