സർക്കാറിനെയും കോടതികളെയും വിമർശിക്കുന്നതിന് ജില്ല-കീഴ്കോടതി ജഡ്ജിമാർക്കും ജീവനക്കാർക്കും വിലക്ക്
text_fieldsകൊച്ചി: ജില്ല, കീഴ്കോടതി ജഡ്ജിമാരും കോടതി ജീവനക്കാരും സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാറിനെയും കോടതികളെയും വിമർശിക്കുന്നതിന് ഹൈകോടതിയുടെ വിലക്ക്. ജഡ്ജിമാരും ഹൈകോടതിയിലെയടക്കം ജീവനക്കാരും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന പെരുമാറ്റച്ചട്ടം നടപ്പാക്കി ഹൈകോടതി രജിസ്ട്രാർ ജനറൽ ഉത്തരവിറക്കി. മാർച്ച് 22ന് ചേർന്ന ഹൈകോടതി അഡ്മിനിസ്ട്രേറ്റിവ് സമിതിയാണ് പെരുമാറ്റച്ചട്ടത്തിന് അംഗീകാരം നൽകിയത്.
സർക്കാർ, സർക്കാർ നയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, കോടതികൾ, കോടതി വിധികൾ എന്നിവയെയും മന്ത്രിമാർ, ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരെയും വിമർശിക്കരുതെന്നുമാണ് പെരുമാറ്റച്ചട്ടത്തിൽ പറയുന്നത്.
കോടതി ജീവനക്കാർ ഇ-മെയിൽ വിലാസവും സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും മോണിട്ടറിങ് സെല്ലിന് നൽകണം, മോണിട്ടറിങ് സെൽ സോഷ്യൽ മീഡിയയിലെ ഇടപെടൽ പരിശോധിച്ച് ദുരുപയോഗം രജിസ്ട്രാർ ജനറലിനെ അറിയിക്കണം, ഒാഫിസ് സമയത്ത് ഒൗദ്യോഗിക കാര്യങ്ങൾക്കല്ലാതെ ഇൻറർനെറ്റ് ഉപയോഗിക്കരുത്, നിരോധിച്ച സൈറ്റുകളിൽ കയറരുത്, വ്യാജ ഐ.ഡികളിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കരുത്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം, മതപരവും സാമൂഹ്യപരവുമായ വികാരങ്ങൾ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ ഒഴിവാക്കണം, ഒൗദ്യോഗിക രേഖകളിലെ വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കരുത്, ബ്ലോഗുകൾ കൈകാര്യം ചെയ്യാൻ മുൻകൂർ അനുമതി വാങ്ങണം, സഭ്യമായ ഭാഷ ഉപയോഗിക്കണം, പദവിയുടെ അന്തസ്സിന് ചേരാത്ത വിധം സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കരുത്, കോടതികളിലെ കമ്പ്യൂട്ടറുകളും ഇൻറർനെറ്റുകളും ഉപയോഗിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കയറരുത്, സോഷ്യൽ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളിയാകരുത് തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.