ഹജ്ജ് തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കും
text_fieldsകൊണ്ടോട്ടി: സംസ്ഥാനത്തുനിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് കുറ്റമറ്റ രീതിയിലുള്ള സൗകര്യങ്ങളും സേവനവും ഉറപ്പാക്കുമെന്നും ഇക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി. പുതിയ ചെയര്മാന് ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോടിന്റെ അധ്യക്ഷതയില്‍ കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
സംസ്ഥാനത്തിന് പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിതകളുടെ വിഭാഗത്തില്‍ 63 പേര്‍ക്കുകൂടി അവസരം ലഭിച്ചതായി ചെയര്മാന് അറിയിച്ചു. ഇതോടെ സംസ്ഥാനത്തുനിന്ന് ഇതുവരെ തീര്‍ഥാടനത്തിന് അവസരം ലഭിച്ചവരുടെ എണ്ണം 15,294 ആയി. തീര്‍ഥാടനവേളയിലും മുമ്പും ആവശ്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കിവരുകയാണ്.
ഇക്കാര്യത്തില്‍ ഹജ്ജ് കമ്മിറ്റിയും സംസ്ഥാന സര്‍ക്കാറും നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഹജ്ജ് ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള മുന്നൊരുക്കം ഉടന്‍ ആരംഭിക്കും. കോഴിക്കോട്ടും കൊച്ചിയിലും കഴിഞ്ഞ വര്‍ഷത്തെപ്പോലെയും കണ്ണൂരില്‍ താൽക്കാലിക സംവിധാനത്തിലുമാണ് ക്യാമ്പ് സംഘടിപ്പിക്കുക.
കണ്ണൂരില്‍ ക്യാമ്പിന് സ്ഥലവും മറ്റു സൗകര്യങ്ങളും കണ്ടെത്താൻ അംഗങ്ങളായ പി.പി. മുഹമ്മദ് റാഫി, ഒ.വി. ജാഫര്‍, ഷംസുദ്ദീന് അരീഞ്ചിറ എന്നിവരെ യോഗം ചുമതലപ്പെടുത്തി. കണ്ണൂരില്‍ ഹജ്ജ് ഹൗസ് നിര്‍മിക്കാൻ കിന്‍ഫ്രയുടെ അധീനതയിലുള്ള ഭൂമി ലഭിച്ച സാഹചര്യത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.
നിലവില്‍ മൂന്ന് എംബാര്‍ക്കേഷന്‍ പോയന്റുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. കണ്ണൂരില്‍ ഹജ്ജ് ഹൗസ് നിര്‍മിക്കുന്നതോടെ രണ്ട് ഹജ്ജ് ഹൗസുള്ള രാജ്യത്തെ ഏക സംസ്ഥാനമെന്ന നേട്ടവും കേരളത്തിന് സ്വന്തമാകും. ഉമ്മര്‍ ഫൈസി മുക്കത്തിന്റെ നേതൃത്വത്തിൽ പ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത്.
അസി. സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മിറ്റി അംഗങ്ങളായ പി.വി. അബ്ദുല്‍ വഹാബ് എം.പി, ഉമ്മര്‍ ഫൈസി മുക്കം, പി.പി. മുഹമ്മദ് റാഫി, പി.ടി. അക്ബര്‍, അഷ്കര്‍ കോരാട്, അഡ്വ. പി. മൊയ്തീന്‍കുട്ടി, ഒ.വി. ജാഫര്‍, ഷംസുദ്ദീന് അരിഞ്ചിറ, എം.എസ്. അനസ്, മുഹമ്മദ് സക്കീര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.