വിദ്യാർഥിയുടെ മികവ് വിലയിരുത്താൻ; രക്ഷാകർത്താക്കൾ ഉൾപ്പെടുന്ന സോഷ്യൽ ഓഡിറ്റിങ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ അക്കാദമിക മികവ് വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും രക്ഷാകർത്താക്കൾ ഉൾപ്പെടുന്ന സോഷ്യൽ ഓഡിറ്റിങ് സംവിധാനം നടപ്പാക്കണമെന്ന് കരട് പാഠ്യപദ്ധതി ചട്ടക്കൂടിൽ നിർദേശം. ഇതിനായി വിദഗ്ദരായ അധ്യാപകരുടെ കൂട്ടായ്മ രൂപവത്കരിച്ച് തൽസ്ഥല-തൽസമയ പിന്തുണ ഉറപ്പാക്കണം. നിരീക്ഷണത്തിനായി ശക്തമായ ഡിജിറ്റൽ സാങ്കേതികവിദ്യ സാധ്യതകൾ പ്രയോജനപ്പെടുത്തണം.
അക്കാദമിക നിരീക്ഷണത്തിന് സ്കൂൾ മുതൽ സംസ്ഥാനതലം വരെയുള്ള സംവിധാനം കൃത്യതപ്പെടുത്തണം. തദ്ദേശസ്ഥാപന സമിതികൾക്ക് പ്രാദേശിക വിദഗ്ദരുടെ പങ്കാളിത്തത്തോടെ പഞ്ചായത്ത്/മുനിസിപ്പൽ/കോർപറേഷൻ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ അക്കാദമിക മികവ് വിലയിരുത്തുന്നതിൽ കൂടുതൽ അധികാരം നൽകുന്നത് ഗൗരവമായി ചിന്തിക്കണമെന്നും ചട്ടക്കൂടിൽ നിർദേശിക്കുന്നു.
േബ്ലാക്ക്-ജില്ല തലത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ, ജില്ല വിദ്യാഭ്യാസ ഓഫിസർ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ ഡയറ്റ്, എസ്.എസ്.കെ, കൈറ്റ് ജില്ല കേന്ദ്രങ്ങൾ എന്നിവരുടെ സഹായത്തോടെ ഇതിനുള്ള മികച്ചതും ഫലപ്രദവുമായ സംവിധാനം വികസിപ്പിക്കണമെന്നും കരട് ചട്ടക്കൂടിൽ നിർദേശിക്കുന്നു.
കമ്പ്യൂട്ടർ ലാബ് പൊതുജന കമ്പ്യൂട്ടർ സാക്ഷരതക്ക് ഉപയോഗിക്കണം
സ്കൂൾ കമ്പ്യൂട്ടർ ലാബ് ജനങ്ങൾക്ക് കമ്പ്യൂട്ടർ സാക്ഷരത കൈവരിക്കാനുള്ള ഇടമായി മാറണമെന്ന് കരട് പാഠ്യപദ്ധതി ചട്ടക്കൂടിൽ നിർദേശം. സ്കൂൾ ലാബുകൾ മണ്ണ്, കുടിവെള്ളം എന്നിവ പരിശോധിക്കാൻ സാധിക്കുന്ന ഇടമാക്കണം. സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ നിറവേറ്റാനുള്ള പൊതു ഇടമായി സ്കൂളുകൾ മാറണം. രക്ഷാകർത്താക്കൾക്ക് ഇഷ്ടമുള്ളപ്പോൾ വരാനും കുട്ടികളുടെ പഠനകാര്യങ്ങൾ നിരീക്ഷിക്കാനുമുള്ള സൗകര്യം ഉണ്ടാകണം. സ്കൂൾ ലൈബ്രറി സമൂഹത്തിന് കൂടി പ്രയോജനപ്പെടണം.
കുട്ടി അറിവിന്റെ നിർമാതാകണം; അധ്യാപകൻ സഹായി
വിദ്യാർഥി-അധ്യാപക സങ്കൽപത്തിലും പുതിയ നിർദേശമാണ് ചട്ടക്കൂട് മുന്നോട്ടുവെക്കുന്നത്. കുട്ടിയെ അറിവിന്റെ നിർമാതാവായി പരിഗണിക്കുന്ന ബോധനശാസ്ത്ര രീതി പിന്തുടരണം. ഓരോ കുട്ടിയിലും നിശ്ചിത അറിവുനിർമാണം സംഭവിക്കുന്നത് ലക്ഷ്യമാക്കിയാവണം അധ്യാപകരുടെ പ്രവർത്തനം. പഠനപ്രവർത്തനങ്ങളെ സുഗമമാക്കി ഓരോ കുട്ടിയെയും ലക്ഷ്യത്തിലെത്തിക്കുന്നത് ഉറപ്പാക്കുന്ന ഫെസിലിറ്റേറ്ററായും പ്രശ്ന പരിഹാരകനായും അധ്യാപകൻ പ്രവർത്തിക്കണം. കുട്ടികളുടെ ചെറിയ മികവുകൾക്ക് പോലും അഭിനന്ദനവും പ്രോത്സാഹനവും നൽകുന്ന ജനാധിപത്യവാദിയായ സംഘനേതാവായും അധ്യാപകർ മാറണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.