നിഖിൽ കാണാമറയത്തുതന്നെ; അന്വേഷണസംഘം വിപുലീകരിച്ചു
text_fieldsകായംകുളം: വ്യാജരേഖകൾ ചമച്ച് കോളജിനെയും സർവകലാശാലയെയും വഞ്ചിച്ച സംഭവത്തിൽ എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായിരുന്ന കായംകുളം മാർക്കറ്റിൽ കിളിലേത്ത് വീട്ടിൽ നിഖിൽ തോമസ് (23) നാലുദിവസമായിട്ടും കാണാമറയത്ത്. ഇയാളെ കണ്ടെത്താൻ അന്വേഷണസംഘം വിപുലീകരിച്ചു. കരീലക്കുളങ്ങര, കനകക്കുന്ന്, ഹരിപ്പാട് സി.ഐമാരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തി. ഇതിനിടെ, നിഖിലുമായി ബന്ധമുള്ള നിരവധിപേരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല.
തിങ്കളാഴ്ച വരെ നിഖിലുമായി സഹകരിച്ചിരുന്ന സി.പി.എം ഏരിയ കമ്മിറ്റി അംഗം, സഹപ്രവർത്തകനായ യുവ അഭിഭാഷകൻ, സുഹൃത്തായ അഭിഭാഷക വിദ്യാർഥി, ബന്ധുക്കൾ തുടങ്ങിയവരിൽനിന്നാണ് വിവരങ്ങൾ തേടിയത്. മൊബൈൽ സ്വിച്ഡ് ഓഫ് ചെയ്ത നിഖിൽ ഇവരിൽ ആരെയെങ്കിലും ബന്ധപ്പെടുമെന്ന പൊലീസിന്റെ പ്രതീക്ഷയും പാളി. മൊബൈൽ ടവർ ലൊക്കേഷനുകളും സി.സി ടി.വികളും സഹായകമാകുമെന്ന പ്രതീക്ഷയിലുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനിടെ, മൊബൈൽ ഓഫാക്കി ഒളിവിൽപോയ ഇയാൾ വീണ്ടും കായംകുളത്ത് എത്തി തിരുവനന്തപുരം ഭാഗത്തേക്ക് പോയതായ സൂചന പൊലീസിന് ലഭിച്ചു. വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കാൻ നിഖിലിൽനിന്ന് പണം വാങ്ങിയ മുൻ എസ്.എഫ്.ഐ നേതാവിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിഖിലിനെ പിടിച്ചാലേ ഇവരിലേക്ക് എത്താൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.
നിഖിൽ തോമസിനെ സി.പി.എമ്മും പുറത്താക്കി
ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ കഴിയുന്ന മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിനെ സി.പി.എമ്മിൽനിന്ന് പുറത്താക്കി. കായംകുളം മാർക്കറ്റ് ബ്രാഞ്ച് അംഗമായിരുന്നു.
പുറത്താക്കണമെന്ന ബ്രാഞ്ച്, എൽ.സിതല നിർദേശം അംഗീകരിച്ച ജില്ല കമ്മിറ്റി, അത് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടു. നിഖിൽ പാർട്ടിയോട് ഗുരുതര ചതി കാണിച്ചുവെന്നാണ് ബ്രാഞ്ച്, എൽ.സിതല വിലയിരുത്തൽ. എസ്.എഫ്.ഐ കായംകുളം ഏരിയ സെക്രട്ടറിയായിരുന്ന നിഖിലിനെ സംഘടന കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് സി.പി.എം നടപടി. ബി.കോം ജയിക്കാതെ കലിംഗ യൂനിവേഴ്സിറ്റിയുടേതെന്ന് അവകാശപ്പെട്ട് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് നിഖിൽ കായംകുളം എം.എസ്.എം കോളജിൽ എം.കോമിന് ചേർന്നത് എന്ന് കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ ഒളിവിൽപോയ നിഖിലിനെ പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സർവകലാശാല വി.സിയും കലിംഗ സർവകലാശാല രജിസ്ട്രാറും എം.എസ്.എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.