ഭക്ഷ്യമന്ത്രി അറിയാൻ; റേഷൻ കടകളിൽ നശിച്ചത് 5,96,707 കിലോ കടല
text_fieldsതൃശൂർ: ഏഴുമാസം റേഷൻ കടകളിൽ കെട്ടിക്കിടന്ന് നശിച്ചത് 5,96,707 കിലോ കടല. സംസ്ഥാനത്തെ 14,250 റേഷൻ കടകളിലായി 59.6 ലോഡ് കടലയാണ് ഉപയോഗശൂന്യമായതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയണം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിൽ കഴിഞ്ഞ നവംബറിലാണ് കടല കേരളത്തിൽ എത്തിയത്. നവംബറിനുശേഷം കേന്ദ്രം പദ്ധതി ഉപേക്ഷിക്കുകയും കഴിഞ്ഞ മൺസൂണിന് പിന്നാലെ എല്ലാ മാസവും കനത്ത മഴയുണ്ടാവുകയും ചെയ്തതോടെ കടല പൂപ്പൽ പിടിച്ചുനശിക്കുകയായിരുന്നു.
കെട്ടിക്കിടന്ന കടല കോവിഡ് സമാശ്വാസ കിറ്റിൽ നൽകാനുള്ള തീരുമാനം നടപ്പാക്കാൻ സർക്കാറിന് സാധിച്ചില്ല. ഫെബ്രുവരി അവസാനം ഇത് കോവിഡ് സമാശ്വാസ കിറ്റിൽ നൽകാൻ സിവിൽ സൈപ്ലസ് കോർപറേഷൻ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ മാർച്ച്, ഏപ്രിൽ കിറ്റ് വിതരണം കഴിഞ്ഞിട്ടും മേയിലേത് പകുതിയായിട്ടും റേഷൻ കടകളിൽനിന്നും കടല കൊണ്ടുപോകാൻ അധികൃതർ തയാറായിട്ടില്ല. കഴിഞ്ഞദിവസം വീണ്ടും ഇതുസംബന്ധിച്ച് ഉത്തരവുണ്ടായെങ്കിലും ഏഴുമാസം പഴകിയ കടല ഉപയോഗിക്കാനാവത്ത സാഹചര്യമാണ്. ഗോഡൗണുകൾ മുഖേന ശേഖരിച്ച്, ഭക്ഷ്യയോഗ്യമാണെങ്കിൽ ഈ മാസത്തെ അതിജീവന കിറ്റിൽ ഉൾപ്പെടുത്താനാണ് നിർദേശം. ഗുണമേന്മ പരിശോധിച്ച ശേഷമേ ഉപയോഗിക്കാവൂ എന്ന് പ്രത്യേക നിർദേശമുണ്ട്. പഴകിയ കടല കാലിത്തീറ്റ കമ്പനികൾക്ക് മാത്രമേ നൽകാനാവൂ എന്നാണ് ജീവനക്കാരുടെ നിലപാട്.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിൽ ജൂലൈ മുതൽ നവംബർ വരെ രണ്ടാംഘട്ടത്തിൽ വിതരണം ചെയ്തതിലെ കടലയാണ് ബാക്കിവന്നത്. ഇത് എന്ത് ചെയ്യണെമന്ന് അന്വേഷിച്ച് സംസ്ഥാന പൊതുവിതരണ വകുപ്പ് നവംബറിൽതന്നെ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ആദ്യം മറുപടിയുണ്ടായില്ല. വീണ്ടും നടത്തിയ കത്തിടപാടിലാണ് ഉപയോഗിക്കാൻ അനുമതി നൽകിയത്. നാഫഡിൽനിന്ന് നിലവിൽ വാങ്ങുന്ന വിലയാണ് സംസ്ഥാന സർക്കാർ ഇതിന് നൽകേണ്ടത്. ഇങ്ങനെ റേഷൻ കടകളിൽ സൂക്ഷിച്ച കടല അതത് താലൂക്ക് എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് തിരിച്ചെടുക്കാനാണ് ഏഴുമാസത്തിനുശേഷം വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. ::ഇത്തരം കാര്യങ്ങളിൽ പുതിയ മന്ത്രിയുടെ ഭാഗത്ത് കനത്ത ജാഗ്രതയുണ്ടാകണമെന്ന് ഇൗ മേഖലയിലുള്ളവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.