മന്ത്രിക്കുവേണ്ടി കെ റെയിൽ അലൈൻമെന്‍റ് മാറ്റിയെന്ന് തിരുവഞ്ചൂർ; വീട് വന്നാൽ വിട്ടു നൽകാമെന്ന് സജി ചെറിയാൻ
text_fieldsകോട്ടയം: സാംസ്കാരിക മന്ത്രി സജി ചെറിയാന്‍റെ വീട് സംരക്ഷിക്കാൻ കെ റെയിൽ അലൈൻമെന്‍റ് മാറ്റിയെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെ റെയിൽ കടന്നു പോകുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കുറിച്ചിമുട്ടത്താണ് അലൈൻമെന്‍റ് മാറ്റിയതെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
അലൈൻമെന്‍റ് മാറ്റിയതിന്‍റെ പ്രയോജനം ആർക്കാണ് കിട്ടിയതെന്ന് മന്ത്രി വ്യക്തമാക്കണം. മന്ത്രി സജി ചെറിയാൻ ഇനി മിണ്ടിയാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും തിരുവഞ്ചൂർ പറഞ്ഞു. കെ റെയിൽ കടന്നു പോകുന്ന നിരവധി സ്ഥലങ്ങളിൽ സംസ്ഥാന സർക്കാർ അലൈന്‍മെന്‍റ് മാറ്റിയിട്ടുണ്ട്. ആരെ രക്ഷിക്കാനാണ് ഇത്തരത്തിൽ മാറ്റം വരുത്തിയതെന്നും തിരുവഞ്ചൂർ ചോദിച്ചു.
പദ്ധതിയെ കുറിച്ചുള്ള പല കാര്യങ്ങളും സർക്കാർ ജനങ്ങളിൽനിന്ന് മറച്ചുവെച്ചു. ഇനിയും നിരവധി കാര്യങ്ങളും പുറത്തുവരാനുണ്ട്. അക്കാര്യങ്ങൾ കൂടി പുറത്തുവരുമ്പോൾ കെ റെയിലിനെ കുറിച്ച് സംസാരിക്കാനുള്ള ശക്തി പോലും സർക്കാറിന് ഉണ്ടാകില്ല. എനിക്ക് കറുപ്പ് നിറമാണെന്ന് സി.പി.എം നേതാവ് എം.എം. മണി പറഞ്ഞത്. എന്നാൽ, മണിക്ക് ട്രംപിന്‍റെ നിറമാണല്ലോ എന്ന് തിരുവഞ്ചൂർ പരിഹസിച്ചു.
ഇതുപോലെ പാഴ് വാക്കുകൾ പറയുന്ന ആളുകളുണ്ടെന്നും അത്തരക്കാരെ അവഗണിക്കുകയാണ് നമ്മൾ ചെയ്യേണ്ടതെന്നും തിരുവഞ്ചൂർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം, തിരുവഞ്ചൂരിന് മറുപടിയുമായി മന്ത്രി സജി ചെറിയാനും രംഗത്തെത്തി. സിൽവർലൈൻ അലൈൻമെന്റിൽ വീട് വന്നാൽ പൂർണ മനസോടെ വീട് വിട്ടു നൽകാമെന്ന് മന്ത്രി പറഞ്ഞു.
തിരുവഞ്ചൂരിന് സാധിക്കുമെങ്കിൽ തന്‍റെ വീട്ടിലൂടെ അലൈൻമെൻറ് കൊണ്ട് വരണം. കെ റെയിൽ പദ്ധതിക്ക് ഇതുവരെ അലൈൻമെന്റ് ആയിട്ടില്ല. തന്നോടുള്ള വിരോധം വെച്ചാണ് തിരുവഞ്ചൂർ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.