ആദിവാസികളുടെ ഭരണഘടനാവകാശം സംരക്ഷിക്കണമെന്ന് എം. ഗീതാനന്ദൻ
text_fieldsപാലക്കാട് : അട്ടപ്പാടിയിൽ ആദിവാസികളുടെ ഭരണഘടനാവകാശം സംരക്ഷിക്കണമെന്ന് എം. ഗീതാനന്ദൻ. ആദിവാസിഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയകൾക്ക് സംരക്ഷണം നൽകുന്ന പൊലീസ് നയം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷോളയൂർ പൊലീസ് സ്റ്റേഷനിലേക്ക് ദലിത്-ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാജരേഖകൾ ഉപയോഗിച്ച് ആദിവാസി ഭൂമി തട്ടിയെടുക്കുന്വ്വനവരർക്കെതിരെ എസ്.സി./എസ്.ടി. അതിക്രമം തടയൽ നിയമമനുസരിച്ച് കേസെടുക്കണമെന്ന് ചീഫ് സെക്രട്ടറി അടക്കുമുള്ളവർ റിപ്പോർട്ട് നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന ് അദ്ദേഹം പറഞ്ഞു.
ആദിവാസി ഭൂമി കൈയേറുന്ന ഭൂമാഫിയ സംഘത്തെ സഹായിക്കുകയാണ് ഷോളയൂരിലെ പൊലീസ് ചെയ്യുന്നത്. കോട്ടത്തറ വില്ലേജിലെ റവന്യൂ ഭൂമിയിലും വനഭൂമിയിലും ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയിലും സർവെ ചെയ്ത് തിട്ടപ്പെടുത്താത്ത ഭൂമിയിലും അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാനുള്ള 1975 ലെ നിയമനുസരിച്ച് വ്യവഹാരങ്ങൾ നടക്കുന്ന ഭൂമിയിലും വ്യാജരേഖകൾ ഉപയോഗിച്ച് കൈയേറ്റം വ്യാപകമായ പശ്ചാത്തലത്തിലാണ് ഇപ്പോൾ ജില്ലാ ഭരണകൂടത്തിന് അട്ടപ്പാടിയിൽ കൈയേറ്റമുണ്ടെന്ന് തുറന്നുസമ്മതിക്കേണ്ടിവന്നത്.
അട്ടപ്പാടിയിലെ ആദിവാസികളെ നേരിട്ട് വിളിച്ച് പരാതി കേൾക്കണമെന്ന് റവന്യൂ മന്ത്രി നിർദേശം നൽകിയട്ടും പാലക്കാട് കലക്ടർ അതിന് തയാറായിട്ടില്ല. ഹൈക്കോടതി സംരക്ഷണമുണ്ടായിട്ടും വെള്ളക്കുളത്തെ രങ്കി-രാമിമാരുടെ ക്ഷേത്രം-കുടുംബഭൂമി തട്ടിയെടുക്കാൻ കൈയേറ്റക്കാർക്കുവേണ്ടി പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. ടി.എൽ.എ. ഉത്തരവനുസരിച്ച് ആദിവാസികൾക്ക് അനുകൂലവിധിയുള്ള ഭൂമിയാണിത്. വെള്ളകുളത്ത് തന്നെ വനാവകാശം ലഭിച്ചതും ഊരുവികസനത്തിനായി വനം വകുപ്പ് വിട്ടുനൽകിയതും ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവിട്ട് കളിസ്ഥലമുൾപ്പെടെ അംബേദ്കർ സെറ്റിൽമെന്റ് ഡെവലപ്പ്മെന്റ് പ്രകാരം കമ്മ്യൂണിറ്റി ഹാൾ പണിതതുമായ സ്ഥലം ഭൂമാഫിയകൾ വേലികെട്ടി കൈയേറുമ്പോൾ, പൊലീസ് കൈയേറ്റക്കാർക്ക് സംരക്ഷണം നൽകി.
വെച്ചപ്പതിയിൽ ടി.എൽ.എ. കേസിൽ ആദിവാസികൾക്ക് അനുകൂലമായ ഉത്തരവുണ്ടായ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന മറ്റൊരു ഭൂമാഫിയക്ക് വേണ്ടി പോലീസ് ആദിവാസികളെ ഭീഷണിപ്പെടുത്തുകയാണ്. കടമ്പാറയിൽ വൻ പൊലീസ് സന്നാഹത്തോടെ ഭൂമി കൈയേറാൻ ഭൂമാഫിയകൾക്കുവേണ്ടി പൊലീസ് കൂട്ടുനിന്നു. വ്യക്തമായ പരിശോധന നടത്താൻ പൊലീസ് തയ്യാറാകുന്നില്ല. വ്യാജരേഖയുണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുക്കുന്നവർക്കെതിരെ എസ്.സി./എസ്.ടി. അതിക്രമം തടയൽ നിയമമനുസരിച്ച് കേസ് എടുക്കണമെന്നും ഗീതാനന്ദൻ ആവശ്യപ്പെട്ടു.
മൂലഗംഗലിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് സ്റ്റേഷനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ സി.എസ് മുരളി അധ്യക്ഷത വഹിച്ചു. സുകുമാരൻ അട്ടപ്പാടി, ടി.എൽ. സന്തോഷ്, ടി.ആർ ചന്ദ്രൻ, പി,വി സുരേഷ്, മാരിയപ്പൻ നീലിപ്പാറ, സൊറിയൻ മൂപ്പൻ, കെ. കാർത്തികേയൻ, സി.ജെ തങ്കച്ചൻ, എ. ഗോപാലകൃഷ്ണൻ, കെ. മായാണ്ടി, കെ. വാസുദേവൻ, കുഞ്ഞമ്പു കല്യാശേരി, സനീഷ് പയ്യന്നൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.