കാലിക്കറ്റിൽ അറബിക് കോളജുകൾ നിർത്താൻ നീക്കമെന്നത് അടിസ്ഥാനരഹിതം –സിൻഡിക്കേറ്റ്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അറബിക് കോളജുകൾ നിർത്തലാക്കാൻ ശ്രമിക്കുന്നെന്ന നിലയിൽ ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്ത അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് അറബിക് കോളജുകളിൽ ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾ ആരംഭിച്ചതിനെതിരെ എ.ബി.വി.പി നൽകിയ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്ന് സ്റ്റാറ്റ്യൂട്ട് ഭേദഗതിക്കായി കൊണ്ടുവന്ന ഫയലിലെ ചില കാര്യങ്ങളുമാണ് വാർത്തക്കാധാരം.
യു.ഡി.എഫ് കാലത്താരംഭിച്ച കോഴ്സുകളിൽ അധ്യാപക തസ്തിക സൃഷ്ടിക്കാനോ നിയമാനുസൃതം ഇത്തരം കോഴ്സുകൾ ആരംഭിക്കാനോ കഴിയാത്തതിെൻറ ജാള്യം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം വിലപ്പോവില്ല. സ്റ്റാറ്റ്യൂട്ട് ഭേദഗതിക്കുള്ള നിർദേശം ചാൻസലർക്ക് സമർപ്പിച്ച് അംഗീകാരം നേടിയെടുക്കാൻ അന്നത്തെ ഭരണസമിതിക്ക് കഴിഞ്ഞില്ല.
പുതുതലമുറ കോഴ്സുകൾ ആരംഭിക്കാൻ ഏഴ് അറബിക് കോളജുകൾക്ക് വേണ്ടി നിലവിലുള്ള സിൻഡിക്കേറ്റ് ശിപാർശ ചെയ്യുകയും ഫറൂഖ് ആർ.യു.എ കോളജ്, സുന്നിയ്യ അറബിക് കോളജ് ചേന്ദമംഗലൂർ, മദീനത്തുൽ കോളജ് എന്നിവിടങ്ങളിൽ പുതിയ കോഴ്സുകൾ സർക്കാർ അനുവദിക്കുകയും ചെയ്തു.
അഫ്സൽ ഉലമ കോഴ്സ് ബി.എ അഫ്സൽ ഉലമ എന്നാക്കിയതും അതിെൻറ പി.ജി കോഴ്സ് പോസ്റ്റ് അഫ്സൽ ഉലമ എന്നാക്കി മാറ്റിയതും ഇത്തരം കോഴ്സുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതും ഇടതുപക്ഷം ഭരിക്കുന്ന കാലത്താണ്. അറബിക് കോളജുകളിൽ ആർട്സ് ആൻഡ് സയൻസ് വിഷയങ്ങൾക്കുൾപ്പെടെ അധ്യാപക തസ്തിക അനുവദിച്ചതും ഗവേഷണ കേന്ദ്രങ്ങളാക്കി ഉയർത്തിയതും ഈ സിൻഡിക്കേറ്റ് വന്ന ശേഷമാണ്.
വാസ്തവ വിരുദ്ധ വാർത്തകളിലൂടെ സർവകലാശാലയുടെ യശസ്സ് ഇടിക്കാനാണ് ശ്രമമെന്നും സിൻഡിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. കെ.പി. വിനോദ് കുമാർ, ഡോ. കെ.ടി. ഷംസാദ് ഹുസൈൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.