സമസ്തയിൽ സ്വാധീനം ഉറപ്പിക്കാൻ സി.പി.എം
text_fieldsകോഴിക്കോട്: കാലങ്ങളായി മുസ്ലിം ലീഗിനോട് ചേർന്ന് നിന്ന സമസ്ത ഇ.കെ വിഭാഗത്തിൽ സ്വാധീനമുണ്ടാക്കാൻ സി.പി.എം ശ്രമം. ലീഗിനോട് വിരോധമുള്ള സമസ്തയിലെ ഒരുവിഭാഗത്തെ ഉപയോഗിച്ചാണ് നീക്കം. വഖഫ് വിഷയത്തിൽ ഈ നീക്കം ഫലം കണ്ടതായാണ് പാർട്ടി വിലയിരുത്തൽ. സി.പി.എം മലപ്പുറം ജില്ല സമ്മേളനത്തിൽ വിഷയം ചർച്ചയായി. വഖഫ് വിഷയത്തിൽ സമസ്തയുടെ നിലപാടിനെ സ്വാഗതം ചെയ്യുകയുമുണ്ടായി. മലബാറിലെ ഏറ്റവും വലിയ മുസ്ലിം സംഘനയായ സമസ്തയിലെ പുതിയ നിലപാടിനെ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായവും ചില പ്രതിനിധികൾ ഉയർത്തി. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ പ്രഭാഷണത്തിനിടെ വധഭീഷണി ഉണ്ടായതായി പറഞ്ഞത് മുതലെടുക്കാൻ സി.പി.എം ശ്രമിച്ചതും സമസ്തക്കകത്ത് ചർച്ചയായിട്ടുണ്ട്. മന്ത്രി വി. അബ്ദുറഹ്മാൻ ജിഫ്രി തങ്ങളെ നേരിൽ കണ്ട് പിന്തുണ പ്രഖ്യാപിക്കാൻ ശ്രമിച്ചിരുന്നു. വധഭീഷണിക്കെതിരെ ഡി.വൈ.എഫ്.ഐ രംഗത്തുവരുകയും സമൂഹ മാധ്യമങ്ങളിൽ ലീഗിനെതിരെ വിമർശനം ഉയർത്തുകയും ചെയ്തു.
സമസ്തയിലെ ലീഗ് വിരോധികൾ തലവേദന സൃഷ്ടിക്കുന്നതായി ലീഗിനകത്ത് നേരത്തേതന്നെ വിലയിരുത്തലുണ്ട്. കാന്തപുരം വിഭാഗത്തെ ലീഗ് പല ഘട്ടങ്ങളിലും സഹായിക്കുന്നതായ വാദം ഉയർത്തിയാണ് ലീഗ് വിരോധികളുടെ നീക്കം. സമസ്ത പത്രം തുടങ്ങിയതിനു പിന്നിലും ഈ വിഭാഗത്തിെൻറ സ്വാധീനമാണ്. എന്നാൽ, വഖഫ് വിഷയത്തിൽ കാന്തപുരത്തിെൻറ നിലപാടിനൊപ്പം ഈ വിഭാഗം നിലയുറപ്പിച്ചതായി സംഘടനക്കകത്തെ ലീഗ് അനുകൂല വിഭാഗം വിമർശിക്കുന്നു.
ഒരു അഭിഭാഷകെന്റ ഇടപെടലാണ് വഖഫ് വിഷയത്തിൽ മുസ്ലിം സംഘടനകളുടെ ഏകോപിച്ച പ്രക്ഷോഭം അട്ടിമറിക്കുന്നതിൽ പങ്കുവഹിച്ചതെന്നും അവർ ആരോപിക്കുന്നു. കൂട്ടായ പ്രക്ഷോഭത്തിന് തീരുമാനമെടുത്ത ശേഷം ജിഫ്രി തങ്ങളെ തെറ്റിദ്ധരിപ്പിച്ചത് ഈ അഭിഭാഷകനാണത്രെ. വെള്ളിയാഴ്ച പള്ളികളിൽ നടത്താൻ നിശ്ചയിച്ച ബോധവത്കരണത്തിൽനിന്ന് ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങൾ പിന്മാറിയതായി സ്പെഷൽ ബ്രാഞ്ച് ഓഫിസിൽനിന്ന് അറിയിച്ചതായി അഭിഭാഷകനാണത്രെ തെറ്റിദ്ധരിപ്പിച്ചത്. മറ്റു സംഘടനകളും പിന്മാറിയ സാഹചര്യത്തിലാണ് പിന്മാറുന്നതെന്ന് ജിഫ്രി തങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതു വിവാദമായപ്പോൾ മറ്റു സംഘടനകൾ പിന്മാറിയ കാര്യം അഭിഭാഷകനാണ് പറഞ്ഞതെന്ന് പിന്നീട് ജിഫ്രി തങ്ങൾ വ്യക്തമാക്കുകയും ചെയ്തു.
ഒരു വിഭാഗത്തിെൻറ നിലപാടുകൾ കാന്തപുരം വിഭാഗം മുതലെടുക്കുന്നതായും സി.പി.എം സഹകരണത്തോടെ മഹല്ലുകളിൽ കടന്നുകയറ്റത്തിനുള്ള അവസരമാക്കുന്നതായും ലീഗ് അനുകൂല വിഭാഗം ചൂണ്ടിക്കാട്ടുന്നു. സമസ്തയിൽനിന്ന് ദുരനുഭവങ്ങൾ ആവർത്തിക്കുന്നതിൽ ലീഗിനകത്തും അമർഷമുണ്ട്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി സംബന്ധിച്ച് സമസ്തയുമായി ചർച്ച നടത്തിയപ്പോൾ മുഖ്യമന്ത്രി നൽകിയ വാക്ക് പാലിക്കപ്പെടാത്തതിൽ സമസ്തയിലും വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.