ബിൽ സബ്ജക്ട് കമ്മിറ്റിക്ക്; മാലിന്യം വലിച്ചെറിഞ്ഞാൽ 50,000 രൂപ പിഴ; ഒരുവർഷംവരെ തടവ്
text_fieldsതിരുവനന്തപുരം: ജലാശയങ്ങളിലുൾപ്പെടെ പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കുള്ള പരമാവധി ശിക്ഷ 50,000 രൂപ പിഴയും ഒരുവര്‍ഷം വരെ തടവുമാക്കുന്ന 2024ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി), 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകള്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വ്യാപകമായ അധികാരങ്ങള്‍ നല്‍കാനും ഭേദഗതി ബില്ലുകളില്‍ വ്യവസ്ഥയുണ്ട്. മാലിന്യം വലിച്ചെറിയുന്നതിനെതിരെ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് ചുമത്താവുന്ന തത്സമയ പിഴത്തുക 5000 രൂപയാക്കി.
പിഴയടച്ചില്ലെങ്കില്‍ പൊതുനികുതി കുടിശ്ശികയായി കണക്കാക്കും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ചുമതലകള്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കാണ്. യൂസര്‍ ഫീസ് അടച്ചില്ലെങ്കില്‍ തദ്ദേശ സ്ഥാപനത്തില്‍നിന്നുള്ള മറ്റു സേവനങ്ങള്‍ സെക്രട്ടറിമാര്‍ക്ക് തടയാം.
ഓരോരുത്തരും ഉല്പാദിപ്പിക്കുന്ന മാലിന്യം അവരവരുടെ തന്നെ ഉത്തരവാദിത്വമാക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട് പറഞ്ഞു. ബോധവത്കരണംകൊണ്ടുമാത്രം മാറ്റം സൃഷ്ടിക്കാന്‍ കഴിയില്ല.
കര്‍ശന നടപടികൂടി വേണ്ടി വരും. ഹരിതകര്‍മസേനക്കുള്ള യൂസര്‍ഫീസ് ഒഴിവാക്കാനാകില്ല. യൂസര്‍ഫീസും അജൈവ മാലിന്യം വില്‍ക്കുന്നത് വഴി ലഭിക്കുന്ന തുകയും മാത്രമാണ് ഇവർക്കുള്ള വരുമാനം. യൂസര്‍ഫീസ് നല്‍കുന്നത് മാലിന്യ ഉല്പാദകരുടെ ഉത്തരവാദിത്വമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
വീടിന്റെ വലുപ്പം, അംഗങ്ങളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ യൂസര്‍ഫീയില്‍ മാറ്റം വരുത്താവുന്നതാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച ആവശ്യത്തിന് മന്ത്രി മറുപടി നൽകി. വാണിജ്യ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യത്തിന്റെ അടിസ്ഥാനത്തിലും യൂസര്‍ഫീസില്‍ മാറ്റം വരുത്താം.
അതിദരിദ്രരെ യൂസര്ഫീസില്നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഫീസ് ഒഴിവാക്കാം. എന്നാല്‍, ഒഴിവാക്കുന്ന ഫീസ് തദ്ദേശ സ്ഥാപനങ്ങള്‍ ഹരിതകര്‍മസേനക്ക് നല്‍കണം. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി വ്യക്തമാക്കി.
യൂസര്‍ഫീസ് അടച്ചില്ലെങ്കില്‍ പൊതുനികുതി കുടിശ്ശികയായി കണക്കാക്കി മറ്റു സേവനങ്ങള്‍ തടയുന്നത് പഞ്ചായത്ത് ആക്ടിന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.