ഇന്ധനവില വർധനവിനെതിരായ ഹർത്താൽ കേരളത്തിൽ പൂർണം
text_fieldsതിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: ഇന്ധന വിലവർധനക്കെതിരെ ഇടതുപാർട്ടികളും യു.ഡി.എഫും ആ ഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽ കേരളത്തിൽ പൂർണം. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. നഗരങ്ങളിൽ കടകമ്പോളങ്ങൾ തുറന്നില്ല. ഒാൺലൈൻ ടാക്സികളും ഒാടിയില്ല. സ്വകാര്യ വാഹനങ്ങൾ ഭാഗികമായി ഒാടി. റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലും കുടുങ്ങിയവർക്ക് പൊലീസ് വാഹനങ്ങളിലും മറ്റും തുണയായി.
സർക്കാർ ഓഫീസുകളിൽ ഹാജർ നില ഗണ്യമായി കുറഞ്ഞു. സെക്രട്ടറിയേറ്റിൽ 16 ശതമാനമാണ് ഹാജർ നില. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.മന്ത്രിമാരും സെക്രേട്ടറിയറ്റിൽ എത്തിയില്ല. മറ്റ് സർക്കാർ ഒാഫിസുകളിലും ഹാജർ നില കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. തുറക്കാൻ ശ്രമിച്ച ചില സ്ഥാപനങ്ങൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.
കൊച്ചിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കാളവണ്ടിയിൽ പ്രതിഷേധ യാത്ര സംഘടിപ്പിച്ചു. കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും യാത്രയിൽ പങ്കെടുത്തു. ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. യു.പി.എ സർക്കാറിന്‍റെ തെറ്റുകൾ ചൂണ്ടിക്കാട്ടി അധികാരത്തിലെത്തിയ എൻ.ഡി.എ സർക്കാർ എന്തു കൊണ്ട് തെറ്റു തിരുത്തുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി. സിദ്ദീഖിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം പ്രകടനം നടന്നു.
കണ്ണൂർ ജില്ലയിൽ ഹർത്താൽ പൂർണമായിരുന്നു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളേ ഒാടുന്നുള്ളു. കടകേമ്പാളങ്ങളും ഒാഫീസുകളും ഫാക്ടറികളും നിശ്ചലമാണ്. കണ്ണൂരിൽ ലോറി കയറിൽ കെട്ടിവലിച്ചാണ് സ്വതന്ത്ര ലോറി ഒാണേർസ് ആന്‍റ് ഡ്രൈവേഴ്സ് അസോസിയേഷൻസ് പ്രതീകാത്മക പ്രതിഷേധം നടത്തി.
അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളെയും, വിവാഹം, ആശുപത്രി, വിമാനത്താവളം, വിദേശ ടൂറിസ്റ്റുകള്‍, പാല്, പത്രം തുടങ്ങിയവയെയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.