സുധാകരെൻറ അറസ്റ്റ്: ശനിയാഴ്ച കോണ്‍ഗ്രസ് കരിദിനം
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാറിന്റെ ഫാഷിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് പറഞ്ഞു. ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുരാവസ്തു തട്ടിപ്പിലെ പണമിടപാട്: കെ. സുധാകരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പുരവസ്തു തട്ടിപ്പിലെ പണമിടപാടുമായി ബന്ധപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അറസ്റ്റിൽ. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈകോടതി നേരത്തെ തന്നെ സുധാകരന് മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ജാമ്യത്തിൽ വിടുകയും ചെയ്തു.
കേസിലെ രണ്ടാം പ്രതിയാണു സുധാകരൻ. കേസിൽ അറസ്റ്റ് വേണ്ടിവന്നാൽ 50,000 രൂപക്കും തുല്യതുകക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാൻ കഴിഞ്ഞദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. നേരത്തെ ഒന്നിനെയും ഭയമില്ലെന്നും തന്‍റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പായി സുധാകരൻ പറഞ്ഞിരുന്നു. എത്ര ചോദ്യങ്ങൾ ക്രൈംബ്രാഞ്ച് തയാറാക്കിയാലും അതിനെല്ലാം ഉത്തരം നൽകും. കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താൻ. അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്തോട്ടെ, ഒരു ആശങ്കയുമില്ല. മുൻകൂർ ജാമ്യം കിട്ടിയിട്ടുണ്ട്. കോടതി അടക്കമുള്ള നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. കടൽ താണ്ടിയവനാണ് താൻ, തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ഗൾഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചതായി പരാതിക്കാരെ മോൺസൻ വിശ്വസിപ്പിച്ചിരുന്നു. ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനെന്നു പറഞ്ഞു മോൻസൻ പലപ്പോഴായി പരാതിക്കാരിൽനിന്ന് 10 കോടി രൂപ വാങ്ങി. 2018 നവംബർ 22നു കൊച്ചി കലൂരിലെ മോൺസന്റെ വീട്ടിൽവച്ചു കെ. സുധാകരൻ ഡൽഹിയിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നൽകിയെന്നും ഈ വിശ്വാസത്തിലാണു മോൺസന് പണം നൽകിയതെന്നുമാണ് പരാതിക്കാരുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.