ഇന്ന് മുങ്ങിമരണ പ്രതിരോധ ദിനം; അഞ്ചുവർഷത്തിനിടെ മരിച്ചത് 6710 പേർ
text_fieldsതൃശൂർ: സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ ഏറുന്നു. അഞ്ചുവർഷത്തിനിടെ 6710 പേരാണ് മുങ്ങിമരിച്ചത്. അഗ്നിശമന സേനയുടെ കണക്കുപ്രകാരം പ്രതിദിനം മൂന്നുപേർ മുങ്ങിമരിക്കുന്നുണ്ടെന്നാണ്. 2021ൽ മാത്രം 1102 പേർ. മുൻ വർഷങ്ങളിൽ ആയിരത്തിൽ താഴെയാണ് കണക്ക്. നീന്താനറിയാത്തയാൾ വെള്ളത്തിൽ മുങ്ങിയാൽ നാല് മിനിറ്റ് മാത്രമേ പിടിച്ചുനിൽക്കാനാകൂ. സംസ്ഥാനത്ത് കടലിൽ മുങ്ങിമരിക്കുന്നവരിൽ 95 ശതമാനവും നീന്തൽ അറിയുന്നവരാണ്. അതിൽത്തന്നെ കൂടുതലും 50 വയസ്സിൽ താഴെയുള്ളവരാണ്. 13 മുതൽ 18 വരെ പ്രായമുള്ളവരും കൂടുതലായി അപകടത്തിൽപ്പെടുന്നു.
കാലാവസ്ഥവ്യതിയാനം ശക്തമായതിനാൽ കടലിന്‍റെയും കടൽത്തിരമാലകളുടെയും സ്വഭാവം പ്രവചിക്കുക സാധ്യമല്ലെന്നും സ്വയം സുരക്ഷ ഉറപ്പാക്കുന്നതിലൂടെ മാത്രമേ അപകടങ്ങൾ ഒഴിവാക്കാനാകൂ എന്നും വിദഗ്ധർ പറയുന്നു. മദ്യപിച്ച് കടലിലിറങ്ങുന്നത് പൂർണമായും ഒഴിവാക്കണം. രാത്രിയിൽ കടലിൽ ഇറങ്ങുന്നതും അപകടസാധ്യത കൂട്ടുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പുഴകളിൽ കാൽവഴുതി വീണാണ് പലപ്പോഴും അപകടമുണ്ടാകുന്നത്. 2021ൽ കൂടുതൽ മരണം കൊല്ലം ജില്ലയിലാണ് -153. ഇടുക്കിയിലാണ് കുറവ് -39. മരിച്ച 667 പുരുഷന്മാരും 18 വയസ്സിന് മീതെയുള്ളവരാണ്. 130 പേർ ആൺകുട്ടികളും 260 പേർ സ്ത്രീകളും.
മുങ്ങിമരണങ്ങൾക്കെതിരെ ബോധവത്കരണം നടത്താൻ റോഡ് സുരക്ഷ അതോറിറ്റി പോലെയുള്ള സംവിധാനമോ ഫണ്ടോ ഇല്ലെന്നതാണ് യാഥാർഥ്യം. സ്കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കുക എന്നതാണ് മുങ്ങിമരണങ്ങൾ കുറക്കാൻ ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്.
2021ലെ കണക്ക്: ആകെ മുങ്ങിമരണങ്ങൾ, ആൺ, പെൺ എന്നീ ക്രമത്തിൽ
തിരുവനന്തപുരം: 142, 117, 25
കൊല്ലം: 153, 117, 36
പത്തനംതിട്ട: 50, 42, 8
ആലപ്പുഴ: 75, 43, 32
കോട്ടയം: 51, 43, 8
എറണാകുളം: 107, 81, 26
ഇടുക്കി: 39, 32, 7
തൃശൂർ: 116, 70, 46
പാലക്കാട്: 75, 61, 14
മലപ്പുറം: 34, 30, 4
കോഴിക്കോട്: 80, 52, 28
വയനാട്: 25, 22, 3
കണ്ണൂർ: 112, 56, 56
കാസർകോട്: 44, 32, 12
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.