ഇന്ന് പെൺകുട്ടികൾക്കായുള്ള അന്തർ ദേശീയ ദിനം: തീക്ഷ്ണം, ആനന്ദം ഈ ജീവിതം
text_fieldsകണ്ണൂർ: വെളിച്ചവും ശബ്ദവും അന്യമായ ജീവിതത്തിൽ അവൾ നൃത്തം ചെയ്തു. കുടകളും പൂക്കളും കടലാസ് പൂമ്പാറ്റകളും സൃഷ്ടിച്ചു. കൈവെള്ളയിൽ അച്ഛനെഴുതിക്കൊടുത്ത അക്ഷരങ്ങളിൽ നിന്ന് തുടങ്ങിയ ജീവിതത്തിലൂടെ അവൾ ഈ ലോകത്തെ കീഴടക്കുകയാണ്. ജനിച്ചപ്പോൾ ഹൃദയത്തിനുണ്ടായ തകരാർ, തകർന്ന ശരീരം, തിമിരം ബാധിച്ച കണ്ണുകൾ... അങ്ങനെ പ്രതിസന്ധികളെയെല്ലാം സീഷ്ണ ആനന്ദ് ഒന്നൊന്നായി തോൽപിച്ചു.
മഴയും വെയിലും ഇരുളും വെളിച്ചവും അവൾ അനുഭവിച്ചത് അച്ഛെൻറ കൈവിരലുകളിൽ നിന്നാണ്. കാരണം അവൾക്ക് കാഴ്ചയില്ല, സംസാരശേഷിയില്ല, കേൾവി ശക്തിയില്ല. ആറു വയസ്സിനിടെ ആറു തവണ ഓപറേഷന് വിധേയയായി. തലശ്ശേരി പൊന്ന്യം കുണ്ടുചിറ 'ഉഷസ്സി'ലെ ആനന്ദ്-പ്രീത ദമ്പതികളുടെ മകൾക്കിന്ന് 28 വയസ്സ്. മകളെ നോക്കാനായി മുംബൈയിലെ തെൻറ ജോലി ആനന്ദൻ രാജിവെച്ചു. മുംബൈയിലെ 'ഹെലൻ കെല്ലർ' ഇൻസ്റ്റിറ്റ്യൂട്ടിലെ മകളുടെ പഠനത്തിനായി ദിവസവും 120 കി.മീ ആ അമ്മ സഞ്ചരിച്ചു.
വിധി തനിക്ക് അന്യമാക്കിയ ഓരോ മേഖലയും വെട്ടിപ്പിടിക്കുകയാണ് ഈ മിടുക്കി. ടാക്ടൈൽ സൈൻ ലാംഗ്വേജ് (തൊട്ടുകൊണ്ടുള്ള ആംഗ്യഭാഷ) എന്ന ആശയവിനിമയ രീതി പഠിച്ചതിനാൽ കൈവിരലുകൾ തൊട്ട് ആംഗ്യഭാഷയിലൂടെ ആശയ വിനിമയം തുടങ്ങി. മകളോട് സംസാരിക്കാൻ അച്ഛനും അമ്മയും ആ ഭാഷ പഠിച്ചെടുത്തു. അങ്ങനെ മകൾക്കു പറയാനുള്ളത് മാതാപിതാക്കൾ കൃത്യമായി മറ്റുള്ളവരോടു പറഞ്ഞു.
ബ്രെയിൽ ലിപി പഠിച്ചതോടെ പവർ ബ്രെയ്ലി എന്ന ഉപകരണത്തിെൻറ സഹായത്താൽ എഴുതാനും വായിക്കാനും സാധിച്ചു. മൊബൈൽ ഫോണിലേയും കമ്പ്യൂട്ടറിലേയും ടെക്സ്റ്റ് മെസേജുകൾ പവർ ബ്രെയ്ലി എന്ന ഉപകരണം വഴി ബ്രെയിൽ ലിപിയിലേക്ക് മാറ്റിയാണ് സീഷ്ണ വായിക്കുന്നത്. അവ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാനും അവൾക്ക് സാധിക്കും.
നാട്ടിലെത്തിയതോടെ നൃത്തം പഠിച്ചു. വിദഗ്ധ പരിശീലനത്തിലൂടെ കരകൗശല നിർമാണത്തിലും വൈദഗ്ധ്യം നേടി. വിവിധ സ്കൂളുകളിൽ മോട്ടിവേഷൻ ക്ലാസ് നടത്താൻ പോകാറുണ്ട്. ന്യൂഡൽഹി, ബംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നടന്ന വിവിധ സെമിനാറുകളിൽ പ്രസംഗിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലിയും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.