ലോക പക്ഷിഭൂപടത്തിലേക്ക് ചിറകടിച്ചുയർന്ന് ചങ്ങരംകരി
text_fieldsഅരൂർ: കാടുകളില്ലാത്ത ആലപ്പുഴയുടെ പക്ഷിസമ്പത്ത് തിരിച്ചറിയപ്പെടുന്നു. കേരളത്തിൽ കണ്ടെത്തിയ 537പക്ഷികളിൽ പകുതിയിലധികവും ആലപ്പുഴയിലുണ്ട്.
ജില്ലയിലെ പക്ഷികളുടെ 70 ശതമാനവും കോടംതുരുത്ത് പഞ്ചായത്ത് ഒന്നാംവാർഡിൽ ചേരുങ്കൽ ഗ്രാമപ്രദേശത്തിനോട് ചേർന്ന 250 എക്കറോളം വരുന്ന ചങ്ങരം പാടശേഖരത്തിലാണ്.
ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ധ്രുവ പ്രദേശങ്ങളിൽനിന്നും മറ്റും വരുന്ന ദേശാടനപ്പക്ഷികളുടെയും അയൽ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന പക്ഷികളുടെയും സാന്നിധ്യം ഒാരോ വർഷവും ഇവിടെ കൂടിവരുകയാണ്.
2014ൽ സ്വീഡിഷ് ഓർണിത്തോളജിസ്റ്റ് ക്രിസ്റ്റർ ഓൾസൺ സന്ദർശിച്ചതോടെയാണ് പുറംലോകം ഇവിടത്തെക്കുറിച്ച് അറിയുന്നത്.
അദ്ദേഹം മുൻകൈ എടുത്താണ് പ്രദേശവാസികളായ ചെറുപ്പക്കാരെ ഉൾപ്പെടുത്തി 'ബേർഡേഴ്സ് എഴുപുന്ന' പ്രകൃതി സ്നേഹികളുടെ കൂട്ടായ്മക്ക് രൂപംനൽകിയത്. 2014 മുതൽ 21വരെ ആറായിരത്തിലധികം നിരീക്ഷണങ്ങൾ ചങ്ങരത്ത് നടന്നു.
206 പക്ഷി ഇനങ്ങളാണ് ഇവിടെ കണ്ടെത്തിയത്. തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ട് അധിവസിക്കുന്ന നാട്ടുപക്ഷികളെ കൂടാതെ നൂറോളം വർഗത്തിൽപ്പെട്ട പതിനായിരക്കണക്കിന് ദേശാടനപ്പക്ഷികൾ ഓരോ വർഷവും ചങ്ങരത്ത് എത്താറുണ്ട്. ഇതിൽ 15ഓളം വിഭാഗങ്ങൾ വംശനാശ ഭീഷണി നേരിടുന്നവയുമാണ്.
ദേശാടനപ്പക്ഷികൾക്ക് പുറമെ രാജഹംസങ്ങൾ, പെലിക്കണുകൾ, വർണക്കൊക്കുകൾ, വിവിധയിനം എരണ്ടകൾ, മറ്റ് കൊക്കിനങ്ങൾ, കുരുവികൾ, മണൽക്കോഴികൾ, വേലിതത്തകൾ, പവിഴക്കാലികൾ, ആളകൾ, കടൽകാക്കകൾ, ഇരപിടിയന്മാരായ പരുന്ത് വർഗങ്ങൾ തുടങ്ങിയ വിവിധയിനം പക്ഷികളെ കാണാനും പഠിക്കാനും വരുന്ന വിദേശികളും സ്വദേശികളുമായ പക്ഷിനിരീക്ഷകരുടെ പറുദീസയായി മാറിയിരിക്കുകയാണ് ചങ്ങരംകരി. ചങ്ങരത്തിെൻറ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കിയ കോടംതുരുത്ത് പഞ്ചായത്തിെൻറ ഇടപെടലുകളും പ്രദേശവാസികളുടെ അകമഴിഞ്ഞ പിന്തുണയും പ്രതീക്ഷ സമ്മാനിക്കുന്നതായി ബേർഡേഴ്സ് എഴുപുന്നയുടെ സജീവാംഗമായ സുധീഷ് മുരളീധരൻ പറയുന്നു.
ആദ്യമൊക്കെ വേട്ടക്കാർ ഇവിടെ തമ്പടിച്ചിരുന്നു. പക്ഷിസ്നേഹികളുടെ പ്രതിഷേധമുയർന്നപ്പോൾ പക്ഷികളെ വേട്ടയാടുന്നത് കുറ്റകരമാണെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ വനംവകുപ്പ് തയാറായി. പക്ഷേ, പക്ഷികളെ നിരീക്ഷിക്കാൻ ടവർ സ്ഥാപിക്കാനുള്ള നടപടി ഉപേക്ഷിക്കുകയായിരുന്നു.
'ഒരു മീനും ഒരു നെല്ലും' ഇടവിട്ടുള്ള കൃഷിരീതി നിലനിർത്താൻ കൃഷിക്കാർക്ക് സഹായം നൽകുക, പാടങ്ങൾ മൂടിപ്പോകാതിരിക്കാൻ ജാഗ്രത പാലിക്കുക, പരിസരവാസികളെ പക്ഷികളുടെ സംരക്ഷകരാക്കുക, പക്ഷികളെക്കുറിച്ച് ശാസ്ത്രീയമായി അറിയുന്നവരെ വരുത്തി നാട്ടുകാർക്ക് ബോധവത്കരണം നടത്തുക എന്നീ കാര്യങ്ങൾ നടപ്പിൽവരുത്തുന്നതോടൊപ്പം ഇവിടം വിനോദസഞ്ചാര കേന്ദ്രമായി മാറാതിരിക്കണമെന്ന അഭ്യർഥനയാണ് പക്ഷിനിരീക്ഷകർ മുന്നോട്ടുവെക്കുന്നത്.
നെൽകൃഷിയും മത്സ്യകൃഷിയും ഇടവിട്ട് ചെയ്യുന്ന ചങ്ങരംപാടത്ത് മത്സ്യകൃഷിക്ക് ശേഷം വെള്ളം വറ്റിക്കുംനേരം ചെറുമീനുകളുടെ ചാകരയായിരിക്കും. മണ്ണിലെയും ചളിയിലെയും ചെറുജീവികളെയും തവളകളെയും മറ്റും കൊക്കിലാക്കാൻ പാടം നിറയെ പക്ഷികൾ നിരന്നിരിക്കുന്നത് മനോഹര കാഴ്ചയാണ്.
പലവിധത്തിലുള്ള തുമ്പികളും ചിത്രശലഭങ്ങളും ചങ്ങരത്തെ നിത്യസന്ദർശകരാണ്. ചങ്ങരത്തെ പക്ഷിസങ്കേതമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.