ഇന്ന് ദേശീയ കായികദിനം: എയ്തിട്ടതെല്ലാം സ്വർണം; എന്നിട്ടും ഡിഞ്ചൂസറിന് അവഗണന
text_fieldsനേമം: പഴഞ്ചൻവില്ലിന്റെ പൊട്ടിയ ഭാഗങ്ങൾ സെലോടേപ്പ് ഒട്ടിച്ച് ഡിഞ്ചൂസർ മത്സരിക്കുന്നത് രാജ്യാന്തര താരങ്ങളോട്. പിഴക്കാത്ത ഉന്നവും ആത്മവിശ്വാസവും മാത്രം കൈമുതലാക്കി ഈ കായികതാരം എയ്തിട്ടതെല്ലാം സ്വർണമെഡലുകൾ. വിളപ്പിൽശാല മാരാർജി നഗറിൽ വാടകക്ക് താമസിക്കുന്ന ഇബനീസർ-ഷീല ദമ്പതികളുടെ മകനാണ് ഡിഞ്ചൂസർ (28). കുട്ടിക്കാലം മുതൽ ഡിഞ്ചൂസറിന്റെ മോഹമായിരുന്നു അമ്പെയ്ത്ത് പഠിക്കണമെന്നത്. കൂലിപ്പണിക്കാരനായ ഇബനീസർ മുണ്ടുമുറുക്കിയുടുത്ത് മകനെ സ്പോർട്സ് ക്ലബിൽ ചേർത്ത് അമ്പെയ്ത്ത് പഠിപ്പിച്ചു. അത് വെറുതെയായില്ല. സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ ഡിഞ്ചൂസർ എയ്തിട്ടത് സ്വർണമെഡലുകൾ. എട്ടുവർഷം മുമ്പ് 10,000 രൂപ പലിശക്കെടുത്ത് ഇബനീസർ വാങ്ങിക്കൊടുത്ത അമ്പും വില്ലുമായാണ് ഡിഞ്ചൂസർ മത്സരക്കളങ്ങളിൽ പങ്കെടുക്കുന്നത്. നല്ലൊരു അമ്പും വില്ലും വാങ്ങാൻ ലക്ഷങ്ങൾ വേണം.
മറ്റ് കായിക ഇനങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണയൊന്നും അമ്പെയ്ത്തിനില്ല. പുത്തൻ അമ്പും വില്ലും ഡിഞ്ചൂസറിന് ഇന്നും സ്വപ്നമാണ്. കായിക ഇനങ്ങളിൽ ദേശീയതലത്തിൽ മെഡൽ നേടുന്നവർക്ക് സർക്കാർ ജോലി നൽകുമ്പോൾ ഈ അമ്പെയ്ത്തുകാരന് അവഗണനയാണ്. നവംബറിൽ അരുണാചലിൽ നടക്കുന്ന ദേശീയ അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. നല്ലൊരു പരിശീലകനുകീഴിൽ പ്രാക്ടീസ് ചെയ്യാൻ സാമ്പത്തികസ്ഥിതി അനുവദിക്കുന്നില്ല. ഇപ്പോൾ തിരുമലയിലെ സ്വകാര്യ ക്ലബിൽ പരിശീലകനാണ് ഡിഞ്ചൂസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.