വനിത ആരോഗ്യപ്രവർത്തകരുടെ ദിനം ഇന്ന്: തുച്ഛവേതനവും ജോലിഭാരവും: ആശപ്രവർത്തകരിൽ വൻ കൊഴിഞ്ഞുപോക്ക്
text_fieldsതൃശൂർ: കേന്ദ്രസര്‍ക്കാറും ലോകാരോഗ്യ സംഘടനയും സ്തുത്യർഹ പ്രവർത്തനത്തിന് അഭിനന്ദനം കൊണ്ട് മൂടിയിട്ടും ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാത്തതിനാൽ ആശപ്രവർത്തകരിൽ വൻ കൊഴിഞ്ഞുപോക്ക്. മുപ്പതിനായിരത്തോളമുണ്ടായിരുന്ന സംസ്ഥാനത്തെ ആശ പ്രവർത്തകർ ഇപ്പോൾ 27,904 പേരായി ചുരുങ്ങി. രണ്ട് ആശ പ്രവർത്തകർ വേണ്ട പല വാർഡുകളിലും ഒരാൾ മാത്രമാണുള്ളത്.
സർക്കാറിന്റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവരും പൊതുജനങ്ങളും തമ്മിലെ കണ്ണിയാവുക എന്നതാണ് അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് (ആശ) പദ്ധതിയുടെ ലക്ഷ്യം. പ്രതിരോധ മരുന്ന് വിതരണം, രോഗികളെ ആശുപത്രിയിലേക്ക് മാറ്റൽ, വാക്‌സിനേഷന് സഹായിക്കൽ, വീടുകളിലെത്തി വാക്‌സിനേഷൻ രജിസ്‌ട്രേഷൻ, രോഗികളെ സന്ദർശിച്ച് സഹായം ചെയ്യൽ, രോഗമുക്തി വരെ കാര്യങ്ങൾ അന്വേഷിക്കൽ, കിണർ ക്ലോറിനേഷൻ, പരിസര ശുചീകരണം തുടങ്ങി കോവിഡ് കാലത്തുപോലും പൊതുജനാരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത സേവനമാണ് ആശ പ്രവർത്തകർ കാഴ്ചവെച്ചത്. 6000 രൂപ പ്രതിമാസ ഓണറേറിയത്തിൽ ജോലി ചെയ്യുന്ന ഇവർ ജോലിഭാരം കൊണ്ട് വീർപ്പുമുട്ടുകയാണ്. ആർദ്രം പദ്ധതിയിൽ ആരോഗ്യകേന്ദ്രങ്ങളിലെ സേവനം കൂടി കണക്കിലെടുത്ത് 2000 രൂപ കൂടി ഇവർക്ക് ലഭിക്കുന്നു. രണ്ടും മൂന്നും മാസം കൂടുമ്പോഴാണ് ഓണറേറിയവും ഇൻസെന്‍റിവും ലഭിക്കുന്നതെന്നും പരാതിയുണ്ട്.
ചെറിയ വരുമാനം പ്രതീക്ഷിച്ച് വീട്ടിലെ കാര്യങ്ങൾ മാറ്റിവെച്ചാണ് സാമൂഹിക പ്രവർത്തനത്തിന് ഇവർ മുന്നിട്ടിറങ്ങുന്നത്. നേരത്തേ കുറച്ചുസമയം നീക്കിവെച്ചാണ് ആരോഗ്യ വിവര ശേഖരണം നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ദിവസം മുഴുവൻ നീളുന്ന സാമൂഹിക സേവന പരിപാടികളാണ് ആശ പ്രവർത്തകരെ ചുമതലപ്പെടുത്തുന്നത്. ജോലിഭാരത്തോടൊപ്പം ജീവിക്കാൻ വേണ്ട വേതന വർധന ഉണ്ടാവുന്നില്ലെന്ന് ആശ വർക്കേഴ്സ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി (എ.ഐ.ടി.യു.സി) ജയ രാജേന്ദ്രൻ പറയുന്നു.
കോവിഡ് കാലത്ത് ആശ പ്രവർത്തകർ ജീവൻ പണയം വെച്ചാണ് സേവനം ചെയ്തതെങ്കിലും കോവിഡ് മഹാമാരിയിൽ പൊലിഞ്ഞ മുഴുവൻ ആശ പ്രവർത്തകർക്കും പ്രഖ്യാപിച്ച ആനുകൂല്യം ലഭിച്ചിട്ടില്ല. ആറുമാസം മുമ്പ് ഇൻഷുറൻസ് ആനുകൂല്യത്തിന് നടപടി തുടങ്ങിവെച്ചെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.