സന്നിധാനം ഭക്തിനിർഭരം; ഇന്ന് മകരവിളക്ക്
text_fieldsശബരിമല: ശബരീശ സന്നിധി മകരവിളക്കിന് ഒരുങ്ങി. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്കും മകരജ്യോതി ദർശനത്തിനും മണിക്കൂറുകൾ മാത്രം ശേഷിെക്ക അയ്യപ്പസന്നിധിയിൽ ഒരുക്കം പൂർത്തിയായി. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ നടന്നു. ബുധനാഴ്ച ഉച്ചപൂജയോടനുബന്ധിച്ച് ബിംബശുദ്ധിക്രിയയും നടന്നു.
പന്തളം കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന തിരുവാഭരണം വ്യാഴാഴ്ച വൈകീട്ട് 6.30ഓടെ അയ്യപ്പസന്നിധിയിൽ എത്തും. തിരുവാഭരണപേടകം പതിനെട്ടാംപടിക്ക് മുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. എൻ. വാസു, ദേവസ്വം ബോർഡ് അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് ശ്രീകോവിലിലേക്ക് ആചാരപൂർവം ആനയിക്കുന്ന തിരുവാഭരണപേടകം തന്ത്രി കണ്ഠരര് രാജീവരും മേൽശാന്തി വി.കെ. ജയരാജ് പോറ്റിയും ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാർത്തും. ശേഷം തിരുവാഭരണം ചാർത്തി ദീപാരാധന.
ഈ സമയം പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും. ദീപാരാധനക്കുശേഷം മകരസംക്രമ പൂജയും നടക്കും. പൂജയുടെ മധ്യത്തിൽ തിരുവിതാംകൂർ കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന നെയ്ത്തേങ്ങയിലെ നെയ്യ് അഭിഷേകം ചെയ്യും. പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് ചൊവ്വാഴ്ച പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രക്ക് ബുധനാഴ്ച ളാഹയിലായിരുന്നു വിശ്രമം.
വ്യാഴാഴ്ച പുലർച്ച മൂന്നിന് ളാഹയിൽനിന്ന് പുറപ്പെട്ട് വലിയാനവട്ടം, ചെറിയാനവട്ടം വഴി നീലിമല കയറി അപ്പാച്ചിമേട് വഴി വൈകീട്ട് 5.30ഓടെ ശരംകുത്തിയിലെത്തും. അവിടെനിന്ന് ദേവസ്വം ബോർഡ് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. കോവിഡ് പശ്ചാത്തലത്തിൽ 5000 പേർക്ക് മാത്രമാണ് ഇത്തവണ പ്രവേശനവും ദർശനാവസരവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.