‘അതിഥി ഭാഷകൾ കൊണ്ട് നിറഞ്ഞ് കേരളം; ഒരു സ്കൂളിൽ മാത്രം 15ഓളം ഭാഷകൾ’; ഇന്ന് ലോക മാതൃഭാഷാദിനം
text_fieldsകാസർകോട്: അന്തർ സംസ്ഥാന തൊഴിലാളികളെ അതിഥികളായി സ്വീകരിച്ച കേരളം അവരുടേതടക്കം സംസാരിക്കുന്നത് നൂറോളം മാതൃഭാഷകൾ. ഭാഷകൊണ്ട് ‘ഹിന്ദിക്കാർ’ എന്നും ദേശം കൊണ്ട് ‘ബംഗാളികൾ’ എന്നും സാമാന്യവത്കരിക്കപ്പെടുന്ന അതിഥി തൊഴിലാളികളുടെ മാതൃഭാഷകൾ കൂടി ചേർത്താണ് ഈ സെഞ്ച്വറി.
28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംസാരിക്കുന്ന 22 ഔദ്യോഗിക ഇന്ത്യൻ ഭാഷകളും അവയുടെ വകഭേദങ്ങളും അവയിലൊന്നുംപെടാത്ത ഗോത്രഭാഷകളും സൂക്ഷ്മമായി രേഖപ്പെടുത്തിയ സെൻസസ് റിപ്പോർട്ട് പ്രകാരമാണ് ഇത് കണക്കാക്കിയത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും സ്കൂൾ ഭാഷ ഹിന്ദിയാണെങ്കിലും ആളുകൾ ആദ്യം സംസാരിച്ചു തുടങ്ങിയ പ്രാദേശിക വകഭേദങ്ങളും സംസാരഭാഷകളെയുമാണ് ഇങ്ങനെ മാതൃഭാഷയായി കണക്കാക്കിയിരിക്കുന്നത്. സപ്തഭാഷ സംഗമ ഭൂമിയെന്ന് പേരുകേട്ട കാസർകോട് ജില്ലയിൽ ഇപ്പോൾ ഭാഷകളുടെ എണ്ണം മൂന്നിരട്ടി മറികടന്നു.
3.24 കോടിയുടെ മലയാളം
- 3,24,13,213 പേർ സംസാരിക്കുന്ന മലയാളവും 15,530 പേർ സംസാരിക്കുന്ന വയനാട്ടിലെ പണിയ ഭാഷയും കേരളത്തിലെ തനത് ഭാഷകളായി സെൻസസ് റിപ്പോർട്ടിലുണ്ട്.
- ഹിന്ദിയുടെ 30 വകഭേദങ്ങൾ കേരളത്തിൽ സംസാരിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വകഭേദങ്ങളാണിവ. 45,817 പേർ ഔദ്യോഗിക ഹിന്ദി സംസാരിക്കുമ്പോൾ 850 പേർ രാജസ്ഥാനിയും 1688 പേർ ഭോജ്പുരിയും ഹിന്ദിയുടെ വകഭേദങ്ങളായി സംസാരിക്കുന്നു. മറ്റ് വകഭേദങ്ങളായ മേവാറ്റി, കുർമാലി, ഥാർ, കാംഗ്രി എന്നിവ സംസാരിക്കുന്ന ഓരോ ആൾ വീതം കേരളത്തിലുണ്ട് എന്ന് അതിസൂക്ഷ്മ പഠനം സൂചിപ്പിക്കുന്നു.
- ഇതര സംസ്ഥാനങ്ങളിലെ 20ലേറെ ഭാഷകൾ സംസാരിക്കുന്നത് ഒരാൾ വീതമാണ്.
- അയൽ സംസ്ഥാനങ്ങൾക്കുള്ള ന്യൂനപക്ഷ പരിഗണനയിൽ കന്നടയുടെ നാല് തരവും തമിഴിന്റെ രണ്ടുതരവും കേരളത്തിലുണ്ട്.
- കൊങ്കിണി മൂന്നു വകഭേദങ്ങളിലായി 69,449 പേർ സംസാരിക്കുന്നു. കേരളത്തിൽ പരമ്പരാഗതമായി നിലയുറപ്പിച്ചിട്ടുള്ളവയാണ് ഈ ഭാഷകൾ.
- അതിഥിയിൽ മുന്നിൽ ബംഗാളി
- അതിഥി കുടിയേറ്റക്കാർ വഴി അവരുടെ മാതൃഭാഷയിൽ ബംഗാളികൾ തന്നെയാണ് മുന്നിൽ- 29,061പേർ ബംഗാളി ഭാഷ സംസാരിക്കുന്നു.
- നാഗാലൻഡിലെ ഗോത്ര വിഭാഗത്തിന്റെ അംഗാമി സംസാരിക്കുന്ന മൂന്നുപേരുണ്ട്. നാഗാലാൻഡിലെ കുടിയേറ്റക്കാരുടെ ആവോ (എഒ) ഭാഷ അഞ്ചുപേർ സംസാരിക്കുന്നു.
- മധ്യ ഇന്ത്യയിലും ദാമൻ ദിയു, ദാദ്ര, നാഗർഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ഭിലി/ഭിൽബോലി സംസാരിക്കുന്നവർ: 3458
- ഹിമാലയൻ മേഖലയിലെ ഭോട്ടിയ ഗോത്ര വർഗ ഭാഷയും മേഘാലയയിലെ ടിബറ്റൻ ഗ്രൂപ്പിന്റെ ഗാരോയും ദ്രാവിഡ ഗോത്ര വംശത്തിൽപെട്ട (ഛത്തിസ്ഗഢ്, ബിഹാർ, ആന്ധ്ര) ഗോണ്ടി ഭാഷയും അഞ്ചുപേർ വീതം സംസാരിക്കുന്നു.
- ഝാർഖണ്ഡിലെ ആസ്ട്രോ ഏഷ്യാറ്റിക് മുണ്ട വിഭാഗത്തിന്റെ ഹൊ സംസാരിക്കുന്നത് 21 പേർ
- ഒഡിഷയിലെ ഗുഹാ നിവാസികളായ ഗോണ്ഡുകളും കേരളത്തിലുണ്ട്. 331 പേരാണ് ഗോണ്ഡ് ഭാഷ സംസാരിക്കുന്നത്.
- മണിപ്പൂരിലെ കുക്കി ഭാഷക്കാർ 17, മിസോറമിലെ ലുഷായി ഭാഷക്കാർ 21 പേർ.
‘ഭാഷ തിങ്ങും കേരള നാട്ടിൽ’
28 സംസ്ഥാനങ്ങളുടെ ഭാഷയും സംഗമിക്കുന്ന സവിശേഷ ഭാഷാസുന്ദര സംസ്ഥാനമായി മാറുകയാണ് കേരളം. അതിഥിതൊഴിലാളികളിൽ നടത്തുന്ന സർവേ, ഇവരുടെ കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ രേഖപ്പെടുത്തുന്ന വിവരങ്ങൾ എന്നിവയിലൂടെയാണ് ഗോത്ര മേഖലയിലെ ചെറുഭാഷകളുടെ പോലും പേര് ലഭ്യമാകുന്നത്.
അനേകം അതിഥി തൊഴിലാളികൾ ഇവിടെ സ്ഥിരതാമസമായി, അവരുടെ കുട്ടികൾ കേരളത്തിലെ സ്കൂളുകളിൽ പഠിതാക്കളായി മാറുന്നുണ്ട്. അവർ വീട്ടിൽ സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷയായി രേഖപ്പെടുത്തുന്നുന്നത്.
- കാസർകോട് ജി.എച്ച്.എസ്.എസിൽ മാത്രം 15ഓളം ഭാഷകളുണ്ട്. ഒഡിയ, മറാത്തി, ഉർദു, ദോംഗ്രി, മൈഥിലി എന്നിങ്ങനെ നിരവധി ഭാഷകൾ കുട്ടികൾക്ക് മാതൃഭാഷകളായുണ്ട്. ഇത് സ്കൂളുകളെ വൈവിധ്യപൂർണമാക്കുന്നു’- കാസർകോട് ജി.എച്ച്.എസ്.എസിലെ അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ അശോകൻ കുണിയേരി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.