കള്ള് കേരളത്തിലെ പാനീയം, കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാല്‍ മതി -മന്ത്രി വി. ശിവന്‍കുട്ടി
text_fieldsതിരുവനന്തപുരം: കള്ള് കേരളത്തിലുള്ള പാനീയമാണെന്നും കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാല്‍ മതിയെന്നും മന്ത്രി വി. ശിവന്‍കുട്ടി. ലഹരിക്കെതിരെ തിരുവനന്തപുരത്തെ ഔദ്യോഗിക വീട്ടിൽ ദീപം തെളിയിച്ച ശേഷമായിരുന്നു പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്‍റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കണമെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ നിർദേശം. ലഹരിക്കെതിരെ വീടുകളില്‍ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാൻ ഉദ്ദേശിച്ചാണ് ദീപം തെളിയിക്കൽ.
'മയക്കുമരുന്നും അതുപോലുള്ള ലഹരികളും ഉപയോഗിക്കുന്നതും കേരളത്തിലുള്ള പാനീയമായ കള്ള് ഉപയോഗിക്കുന്നതും രണ്ടും രണ്ടായി തന്നെ കാണണമല്ലോ.. കള്ള് നമ്മുടെ നാട്ടിലെ പാനീയമാണല്ലോ.. നമുക്ക് തന്നെ അറിയാമല്ലോ രണ്ടിന്റെയും ഭവിഷ്യത്ത് എന്തായിരുക്കുമെന്നത്. അത് രണ്ടും രണ്ടായിത്തന്നെ കണ്ടാൽ മതിയാകും...'' -മന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ തന്നെ പഴവർഗങ്ങളില്‍നിന്നുള്ള മദ്യനിര്‍മാണത്തിന് അനുമതി നല്‍കുന്നുവെന്ന വിമര്‍ശനങ്ങളെ തള്ളിയാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം.
മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബര്‍ ആറിന് ആരംഭിച്ച ക്യാമ്പയിന്‍റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് അവസാനിക്കും. 'നല്ല പ്രതികരണമാണ് ലഹരിക്കെതിരായ കാമ്പയിന് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. വളരെ നേരത്തെ ആരംഭിക്കേണ്ടതായിരുന്നു. ലഹരിക്ക് അടിമകളായ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളുമായും ഞങ്ങൾ ബന്ധപ്പെട്ടു. ചെറുപ്പക്കാരും കുട്ടികളുമാണ് ഇതിന്റെയൊക്കെ ഇര. വൻ വരുമാനമാണ് ലഹരിയില്‍ നിന്ന് ചിലർ ഉണ്ടാക്കുന്നത്. കാമ്പയിന് മാധ്യമങ്ങളും നല്ല പിന്തുണ നല്‍കുന്നുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി സമസ്ത മേഖലയിലെ ആളുകളും ലഹരി വിരുദ്ധ പ്രചാരണത്തിന് പിന്തുണയുമായുണ്ട്' -മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപന്നങ്ങൾ, പഴങ്ങൾ എന്നിവയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം കഴിഞ്ഞ ദിവസം നിലവിൽ വന്നിരുന്നു. കേരളാ സ്മോൾ സ്കേൽ വൈനറി റൂൾസ് ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകാം. ഇതിനായി അബ്കാരി ചട്ടങ്ങളിൽ നിയമ ഭേദഗതിക്ക് നേരത്തെ അനുമതി നൽകിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമ്മിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.