ഇളംകള്ള് പോഷക സമൃദ്ധം -മുഖ്യമന്ത്രി
text_fieldsകണ്ണൂർ: നല്ല ഇളം കള്ള് ഏറ്റവും പോഷക സമൃദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളിനെ കുറിച്ച് അറിയുന്നവർക്കെല്ലാം അക്കാര്യമറിയാമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ നായനാർ അക്കാദമിയിൽ ജില്ല വികസന സെമിനാറിന്റെ ഓപൺ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ള റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും നമ്മുടെ നാടൻ കള്ള് കൊടുക്കാനാണ് തീരുമാനിച്ചത്. ചെത്തിക്കഴിഞ്ഞ ഉടനെയുള്ള കള്ളാണ് നൽകുക. കള്ളിനെ കുറിച്ച് അറിയുന്നവർക്കെല്ലാം അറിയാം അപ്പോഴത് വലിയ ലഹരി മൂത്തതായിരിക്കില്ല എന്നത് -അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ ചില ന്യായങ്ങൾ പറഞ്ഞ് എതിർക്കുകയാണ് ചിലർ. അക്കാര്യങ്ങളെല്ലാം പിന്നീട് ആലോചിക്കേണ്ടതാണ്. എല്ലാകാര്യവും മദ്യനയത്തിൽ പറയണമെന്നില്ല. നയം നടപ്പാക്കുമ്പോൾ തീരുമാനിക്കുമെന്നും പിണറായി പറഞ്ഞു.
കഴിഞ്ഞ ദിവസം, കള്ള് യഥാര്‍ഥത്തില്‍ മദ്യമല്ലെന്നും അത് നല്ലൊരു പോഷകാഹാര വസ്തുവാണെന്നും എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും ഇന്നലെ പറഞ്ഞിരുന്നു.
കള്ള് യഥാര്‍ഥത്തില്‍ മദ്യമല്ല. അത് നല്ലൊരു പോഷകാഹാര വസ്തുവാണ്. രാവിലെ എടുത്ത ഉടന്‍തന്നെ അത് കഴിക്കുന്നതില്‍ വലിയ കുറ്റംപറയാന്‍ പറ്റില്ല. അപ്പോഴത് വലിയ ലഹരിയായി മാറുന്നില്ല. കള്ളിന്റെയും നീരയുടെയും ഉല്‍പാദനം വര്‍ധിപ്പിച്ചാല്‍ വലിയ തൊഴില്‍സാധ്യത കേരളത്തിലുണ്ടാകുമെന്നും ഇ.പി. ജയരാജൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.