സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ തുറന്നു; ആദ്യ മണിക്കൂറിൽ തന്നെ കള്ള് തീർന്നു
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് 50 ദിവസങ്ങൾക്ക് ശേഷം കള്ള് ഷാപ്പുകള്‍ തുറന്നു. 3,590 കള്ള് ഷാപ്പുകളാണ് ഇന്ന് മുതല്‍ സംസ്ഥാനത്ത് തുറന്ന് പ്രവർത്തിക്കുന്നത്. രാവിലെ 9 മുതൽ രാത്രി 7 മണി വരെയായിരിക്കും ഷാപ്പുകളുടെ പ്രവർത്തനം. വാങ്ങാൻ ആളുണ്ടെങ്കിലും കള്ളിെൻറ ലഭ്യത കുറവാണ്.
ബുധനാഴ്ച രാവിലെ തുറന്നെങ്കിലും ഒരു മണിക്കൂറിനുള്ളിൽ തന്നെ ആളുകൾക്ക് കള്ള് കിട്ടാതെ മടങ്ങി പോകേണ്ടി വന്നു. ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ കള്ള് വിറ്റു തീരുകയാണുണ്ടായത്. ഷാപ്പുകളിൽ വളരെ കുറച്ച് കള്ള് മാത്രമാണുണ്ടായിരുന്നത്. കണ്ണൂരിൽ ലേല നടപടികൾ പൂർത്തീകരിക്കാത്തതിനാൽ വളരെ കുറച്ച് ഷാപ്പുകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്.
നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് സംസ്ഥാനത്ത് ഇന്നു മുതൽ കള്ള് ഷാപ്പുകൾ തുറന്നു പ്രവർത്തിക്കുക. ആളുകൾക്ക് ഷാപ്പിൽ ഇരുന്ന് കള്ള് കുടിക്കാന്‍ അനുവാദമില്ല. ശാരീരിക അകലം പാലിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ഷാപ്പിലിരുന്നുള്ള കള്ളുകുടിക്ക് വിലക്കേർപ്പെടുത്തിയത്. കള്ള് വാങ്ങാന്‍ പോകുന്നവര്‍ കുപ്പി കൈയില്‍ കരുതണം. ഒരാൾക്ക് ഒന്നര ലിറ്റർ കള്ള് വരെ പാഴ്സലായി വാങ്ങാം. ഒരു സമയം അഞ്ച് പേർ മാത്രമേ വരിയിൽ നിൽക്കാൻ പാടുള്ളൂ എന്ന കര്‍ശന നിര്‍ദേശവുമുണ്ട്.
ഷാപ്പിൽ സാനിറ്റൈസർ ഉറപ്പാക്കണം. തൊഴിലാളികളും കള്ളുവാങ്ങാനെത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് എക്സൈസ് ഉദ്യോഗസ്ഥരുടെയും ഷാപ്പ് ഉടമയുടേയും ഉത്തരവാദിത്തമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.