കള്ളുഷാപ്പ് നടത്തിപ്പ് ബിനാമികൾക്ക്: പൊലീസും എക്സൈസും അന്വേഷിക്കും
text_fieldsതിരുവനന്തപുരം: കള്ളുഷാപ്പുകൾ ബിനാമികൾക്ക് മറിച്ചുനൽകിയ സംഭവത്തിൽ തൊഴിലാളി യൂനിയൻ നേതാക്കളുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ച് പൊലീസും എക്സൈസും വെവ്വേറെ അന്വേഷണം നടത്തും. വിവിധ ജില്ലകളിലുള്ള 80 ലധികം ഷാപ്പുകൾ ബിനാമികൾക്ക് നൽകിയതായി എക്സൈസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
തൊഴിലാളി യൂനിയനുകൾ നടത്തുന്ന ഷാപ്പുകൾ നിയമവിരുദ്ധമായി തൃശൂർ സ്വദേശി ശ്രീധരന് നടത്തിപ്പിനായി നൽകിയതിന്റെ രേഖകൾ എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ 12 റേഞ്ചുകളിലെ 60 കള്ളുഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.
പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് കമീഷണർ എസ്. ആനന്ദകൃഷ്ണൻ ആഭ്യന്തരവകുപ്പിന് കത്തു നൽകിയ സാഹചര്യത്തിലാണ് പൊലീസ്, എക്സൈസ് അന്വേഷണങ്ങൾ സമാന്തരമായി നടക്കുന്നത്. ആരോപണം നേരിടുന്ന കള്ളുഷാപ്പുകളുടെ നടത്തിപ്പുകാർക്ക് ഇതിനകം നോട്ടീസ് നൽകിയിട്ടുണ്ട്. ബുധനാഴ്ച എക്സൈസ് കമീഷണറുടെ ഓഫിസിൽ തെളിവെടുപ്പ് നടക്കും.
ബിനാമിയായി കള്ളുഷാപ്പ് നടത്തണമെങ്കിൽ തൊഴിലാളി യൂനിയനുകളുടെയും ഉദ്യോഗസ്ഥരുടെയും സഹായം ലഭിക്കാതെ കഴിയില്ലെന്നാണ് വിലയിരുത്തൽ. ആരിൽനിന്നുള്ള സഹായമാണ് ശ്രീധരന് ലഭിച്ചതെന്ന് ഉൾപ്പെടെ കാര്യങ്ങൾ അന്വേഷിക്കും.ഷാപ്പുകൾ ലേലത്തിൽ ഏറ്റെടുക്കാൻ കരാറുകാർ വരാതാകുമ്പോൾ തൊഴിലാളി യൂനിയനുകൾക്കാണ് നൽകുന്നത്. 500 രൂപയാണ് വാർഷിക ഫീസ്. ഇങ്ങനെ എടുത്ത ഷാപ്പുകൾ പിന്നീട് ഉയർന്ന തുകക്ക് ബിനാമികൾക്ക് കൈമാറുകയായിരുന്നു.
പഞ്ചാബിലെ ഡിസ്റ്റലറിയിൽനിന്ന് സ്പിരിറ്റ് വാങ്ങാൻ ശ്രീധരൻ പണം നൽകിയതിന്റെ തെളിവുകളും എക്സൈസ് ശേഖരിച്ചിരുന്നു.വീര്യം കൂട്ടി കള്ള് വിൽക്കാനാണ് സ്പിരിറ്റ് എത്തിച്ചതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, കള്ള് കൊണ്ടുവരുന്നതിന്റെയും ഷാപ്പ് നടത്തിപ്പിന്റെയും രേഖകൾ പരിശോധിക്കേണ്ടത് എക്സൈസാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയുണ്ടായതായാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.