കാൽവിരലുകൾ ദ്രവിച്ചുതീരുന്നു; നരകയാതനയിൽ ഇവിടെ ഒരു ആദിവാസി ജീവിതം
text_fieldsസുൽത്താൻ ബത്തേരി: കാൽവിരലുകൾ ദ്രവിച്ചുതീരുന്ന രോഗത്താൽ നരകയാതന അനുഭവിച്ച് ഗോത്രവിഭാഗം മധ്യവയസ്കൻ. ചെതലയം പുകലമാളം മാളപ്പാടി കാട്ടുനായ്ക്ക കോളനിയിലെ ബാലനാണ് നടക്കാൻപോലും കഴിയാതെ ദുരിതത്തിലായിരിക്കുന്നത്. ഒരു വർഷം മുമ്പാണ് ബാലെൻറ വലതുകാലിലെ പെരുവിരലിനു രോഗം പിടിപെടുന്നത്. വിരൽ വിണ്ടുകീറുന്നതാണ് ആദ്യം കണ്ട ലക്ഷണം. ഇത് പിന്നീട് പഴുക്കുകയും വ്രണമാകുകയും ചെയ്തു. ചികിത്സ തേടി ബത്തേരിയിലെ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പോയെങ്കിലും രോഗത്തിന് ശമനം ഉണ്ടായില്ല.
ഇപ്പോൾ വീട്ടിൽ കഴിയുന്ന 52കാരനായ ബാലെൻറ വലതുകാലിലെ പെരുവിരൽ ദ്രവിച്ചുതീർന്നു. തൊട്ടടുത്ത വിരലിലേക്കും രോഗം പിടിപെട്ടിട്ടുണ്ട്. എന്തുരോഗമാണ് ബാലെൻറ വിരലുകെള ബാധിച്ചിരിക്കുന്നതെന്ന് ഇതുവരെ ചികിത്സിച്ചവർ ആരുംതന്നെ പറഞ്ഞിട്ടിെല്ലന്ന് വീട്ടുകാർ പറയുന്നു. ബാലെൻറ മകൾ പ്രിയയും, ഇദ്ദേഹത്തിെൻറ മൂത്തസഹോദരൻ ബൊമ്മനും ഇതേ രോഗം ബാധിച്ചാണ് മരിച്ചതെന്നും കോളനിക്കാർ പറയുന്നു.
അസഹനീയമായ വേദനയിലാണ് ബാലൻ ഇപ്പോൾ കോളനിയിലെ കൂരയിൽ കഴിഞ്ഞുകൂടുന്നത്. രോഗം വന്നതിൽ പിന്നെ വലതുകാൽ നിലത്തുകുത്താൻ പറ്റാത്ത അവസ്ഥയിലായതോടെ നിരങ്ങിയാണ് ബാലൻ കൂരയ്ക്കുപുറത്തിറങ്ങുന്നത്. ബാലനെ നോക്കാൻ ഒരാൾ കൂടെവേണമെന്നതിനാൽ ഭാര്യ ലീലക്ക് ജോലിക്കുപോകാനും കഴിയാത്ത അവസ്ഥയാണ്. ഇതോടെ നിത്യച്ചെലവിനുപോലും പണമില്ലാതെ പട്ടിണിയുടെ വക്കിലാണ് ഇപ്പോൾ കുടുംബം.
ഈ അവസ്ഥയിൽ ഈ കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സഹായവും ബാലന് മതിയായ ചികിത്സയും ബന്ധപ്പെട്ടവർ നൽകണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.