കക്കൂസ് മാലിന്യം കടലിലേക്ക്
text_fieldsതലശ്ശേരി: തലശ്ശേരി കടൽപ്പാലം നടപ്പാതയിൽ വിനോദത്തിനെത്തുന്നവരെ വരവേൽക്കുന്നത് കക്കൂസ് മാലിന്യമടങ്ങിയ അസഹനീയ ദുർഗന്ധം. നടപ്പാതയിൽ പാലത്തോട് ചേർന്ന കരിങ്കല്ലുകൾക്കിടയിലൂടെയാണ് കക്കൂസ് മാലിന്യമടക്കം കടലിലേക്ക് ഒഴുക്കിവിടുന്നത്. ദിവസവും കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകൾ വിനോദത്തിനെത്തുന്നത് കടലോര നടപ്പാതയിലാണ്. ഇവിടെ രൂക്ഷമായ ദുർഗന്ധമാണ് അന്തരീക്ഷത്തിലുയരുന്നത്. പാലത്തിന് സമീപത്തെ റോഡിനടിയിലൂടെയാണ് മാലിന്യം കടലിലേക്ക് ഒഴുക്കുന്നത്. ഉച്ച സമയത്താണ് മലിനജലം നിലക്കാതെ കടലിലേക്ക് ഒലിച്ചെത്തുന്നത്.
റോഡിനടിയിൽ കലുങ്ക് പോലെ കെട്ടിയ പ്രത്യേക അറയിലൂടെയാണ് കക്കൂസ് മാലിന്യം കടലിലേക്ക് ഒഴുക്കിവിടുന്നത്. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്കൂൾ കുട്ടികളെ ഉപയോഗിച്ച് കടലോരം വെടിപ്പാക്കാൻ ഇടക്കിടെ ഇറങ്ങാറുണ്ട്. പ്ലാസ്റ്റിക് ഉൾപ്പെടെ ആളുകൾ വലിച്ചെറിയുന്ന മലിനവസ്തുക്കൾ നീക്കാനാണ് സ്കൂൾ കുട്ടികളെ ഉപയോഗപ്പെടുത്തിയിരുന്നത്. ഇവിടെയാണ് കക്കൂസ് മാലിന്യം കടലിലേക്ക് തള്ളിവിടുന്നത് കഴിഞ്ഞ ദിവസം ശ്രദ്ധയിൽപ്പെട്ടത്. പാലത്തിന് സമീപം അസഹ്യമായ ദുർഗന്ധം പരന്നപ്പോഴാണ് മലിനജലം കടലിലേക്ക് ഒലിച്ചിറങ്ങുന്നത് കാണാനിടയായത്.
മാർക്കറ്റ് പ്രവർത്തിക്കുന്ന കടൽ പാലത്തിന്റെ മറുവശത്ത് പ്ലാസ്റ്റിക് ഉൾപ്പെടെ കെട്ടുനാറുന്ന കാഴ്ച പതിവാണ്. രാത്രികാലങ്ങളിൽ ആളുകൾ കടലോരത്ത് പതിവായി മാലിന്യം തള്ളാറുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. ഇത് കണ്ടെത്താൻ നിരീക്ഷണ കാമറകൾ പാലത്തിന് സമീപം സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം തള്ളുന്നവരെ കണ്ടെത്താനോ, ശിക്ഷിക്കാനോ നടപടിയില്ല. മാലിന്യം ദിവസവും നിറയുന്നതിനാൽ തെരുവുനായ് ശല്യവും കടപ്പുറത്ത് രൂക്ഷമാണ്. പെറ്റുപെരുകുന്ന നായ്ക്കൾ കൂട്ടത്തോടെയാണ് ഇവിടെ ചുറ്റിക്കറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.