കക്കൂസ് മാലിന്യം ഭൂമിക്ക് നൽകുന്നത് വൈറസും ബാക്ടീരിയകളും
text_fieldsകണ്ണൂർ: സെപ്റ്റിക് ടാങ്കുകളും കക്കൂസുകളും ഭൂഗർഭജലത്തെ വൻതോതിൽ മലിനമാക്കുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് 69 ലക്ഷം സെപ്റ്റിക് ടാങ്കുകളിലും കക്കൂസ് കുഴികളിലുമായി പ്രതിദിനം 8,000 ഘനമീറ്റര്‍ മാലിന്യം ഭൂഗര്‍ഭ ജലവുമായി ഇടകലർന്ന് പാത്തോജനിക് ബാക്ടീരിയ, വൈറസുകള്‍, പ്രോട്ടോസോവ, മറ്റനേകം സങ്കീർണമായ ബഹുകോശ ജീവികൾ എന്നിവ വൻതോതിൽ പെരുകാൻ ഇടയാക്കുന്നതായാണ് 2016ൽ വർമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയത്. മലിനീകരണ പ്രശ്നങ്ങൾ പഠിച്ച വര്‍മ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളം ഏറെ മുന്നോട്ട് സഞ്ചരിക്കാനുണ്ടെന്ന് സംസ്ഥാന ആസൂത്രണവകുപ്പ് വാർഷിക സാമ്പത്തിക അവലോകനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ ആറ് ജില്ലകളിലെ നഗര പ്രദേശങ്ങളിലാണ് (തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍) കക്കൂസ് മാലിന്യ നിർമാര്‍ജനം 70 ശതമാനവും ആവശ്യമുള്ളത്. മറ്റു ജില്ലകളില്‍ ഗ്രാമപ്രദേശങ്ങളിലാണ് കൂടുതല്‍ മാലിന്യ പ്രശ്നമുള്ളത്. കേരളത്തില്‍ ആഴം കുറഞ്ഞ തുറന്ന കിണറുകളിൽ 90 ശതമാനത്തിലും ബാക്ടീരിയ മലിനീകരണം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മലിനീകരണത്തിൽ 56 ശതമാനവും അശാസ്ത്രീയ കക്കൂസ് നിർമാണം മൂലവും 11 ശതമാനം മൃഗസ്രോതസ്സുകള് മൂലവും 33 ശതമാനം ഇവ രണ്ടും മൂലവുമാണെന്നാണ് പഠനം. കക്കൂസ് കുഴിയിൽനിന്ന് 7.5 മീറ്ററിലധികം അകലം പാലിക്കുന്ന 12 ശതമാനം കിണറുകളിലും ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. സംസ്ഥാനത്തെ 78 ശതമാനം കുടുംബങ്ങളും കക്കൂസ് മാലിന്യം അവരുടെ പരിസരത്തുതന്നെയുള്ള സംഭരണികളില്‍ കെട്ടിനിര്‍ത്തുന്ന ഉറവിട-ശുചിത്വ സംവിധാനമാണ് സ്വീകരിച്ചിട്ടുള്ളത്. കിണറും ശൗചാലയവും ഉള്‍പ്പെടുന്ന വീടുകളും ചുറ്റിനും പുരയിടവും എന്ന രീതിയിലുള്ള ആവാസവ്യവസ്ഥയാണ് കേരളത്തിെൻറ കക്കൂസ് മാലിന്യ നിർമാർജനത്തിൽ വലിയ പ്രതിസന്ധി.
കേരളത്തില്‍ 39.5 ലക്ഷം സെപ്റ്റിക് ടാങ്കുകളും 23 ലക്ഷം കുഴി കക്കൂസുകളുമുണ്ട്. പക്ഷേ, സെപ്റ്റിക് ടാങ്കുകള്‍ മിക്കവയും ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിച്ചവയല്ല. ഓരോ ദിവസവും 7,966 ഘനമീറ്റര്‍ കക്കൂസ് മാലിന്യം സെപ്റ്റിക് ടാങ്കുകളില്‍ നിന്നോ മലിനജല കുഴികളില്നിന്നോ നിർമാര്‍ജനം ചെയ്യണം. അടുക്കളയിലെയും കുളിമുറിയിലെയും പുറത്തേക്ക് ഒഴുകുന്ന മലിനജലം സൃഷ്ടിക്കുന്ന മലിനീകരണം ഇതിന് പുറമെയാണ്. കക്കൂസ് മാലിന്യത്തിെൻറ ഉൽപാദനത്തിലെന്നപോലെ ആറു ജില്ലകളിലെ നഗര ജനസംഖ്യയാണ് ദിനംപ്രതിയുള്ള മലിനജല ഉൽപാദനത്തിെൻറ 66 ശതമാനവും സംഭാവന ചെയ്യുന്നതെന്ന് സാമ്പത്തിക സ്ഥിതിവിവരത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.