കമീഷൻ ചെയ്യും മുമ്പ് ചെല്ലാനം ഹാർബറിൽ ടോൾ പിരിവ്; പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ
text_fieldsപള്ളുരുത്തി: ചെല്ലാനം ഫിഷിങ് ഹാർബർ കമീഷനിങ്ങിന് മുമ്പുതന്നെ യാനങ്ങൾക്കും തൊഴിലാളികൾക്കും ടോൾ ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ. അടിസ്ഥാന സൗകര്യങ്ങൾപോലും ഒരുക്കാതെ നടപ്പാത, കെട്ടിടങ്ങൾ എന്നിവയുടെ നിർമാണങ്ങൾ പോലും പൂർത്തിയാകാത്ത അവസ്ഥയിലാണ് പൊതുവഴി അടച്ച് മതിൽ കെട്ടി മറച്ച് ടോൾ പിരിവ് നടത്തുന്നത്. വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് തറക്കല്ലിട്ടതാണ്. 16 വർഷം പിന്നിട്ടിട്ടും ഇതുവരെ നിർമാണം പൂർത്തിയാക്കാനായിട്ടില്ല. ഹാർബർ എൻജിനീയറിങ് വിഭാഗം ഏർപ്പെടുത്തിയ കരാറുകാരനാണ് കഴുത്തറപ്പൻ ടോൾ പിരിവുമായി രംഗത്തെത്തിയിട്ടുള്ളത്.
ഉപജീവനത്തിനുവേണ്ടി കടലിനോട് മല്ലടിക്കുന്ന തൊഴിലാളിക്കുമേൽ ടോൾ അടിച്ചേൽപിക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. ടോളിനെതിരെ ചെല്ലാനം ഫിഷ് ലാൻഡിങ് സെൻററിന് മുന്നിൽ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. കൊച്ചി നഗരസഭ മുൻ മേയർ കെ.ജെ. സോഹൻ സമരം ഉദ്ഘാടനം ചെയ്തു. ഷിജി തയ്യിൽ അധ്യക്ഷത വഹിച്ചു. ജാക്സൺ പൊള്ളയിൽ, വിൽസൺ പള്ളിക്കത്തായി, പൊടിയൻ വലിയവീട്ടിൽ, ഫാ. സ്റ്റീഫൻ പുന്നക്കൽ, ഫാ. ജോൺ കളത്തിൽ, കെ.പി. സാൽവിൻ, എൻ.കെ. ശശികുമാർ, ചിന്ന ജോസഫ്, കെ. പ്രതാപൻ, രാജു ആശ്രയം, ജയൻ കുന്നേൽ, റെനീഷ് ആൻറണി, അനാമിക സനൽ, സോണ സണ്ണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.