കിഫ്ബി റോഡുകളിലെ ടോൾ: പ്രതിഷേധം കനക്കുമ്പോഴും നിലപാടിലുറച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: കിഫ്ബി റോഡുകളിൽനിന്ന് ടോൾ പിരിവിനെതിരെ വ്യാപക പ്രതിഷേധമുയരുമ്പോഴും പദ്ധതിയുമായി സർക്കാർ മുന്നോട്ട്. മഹാരാഷ്ട്രയിലും മറ്റും ദേശീയപാതയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ പാർട്ടിയാണ് സി.പി.എം. കേരളത്തിൽ ദേശീയപാത വികസത്തിനുള്ള ചർച്ചകളിലും ടോൾ പിരിവിനെതിരെ കടുത്ത നിലപാടാണ് സി.പി.എം സ്വീകരിച്ചത്.
എന്നാൽ, മുൻ നിലപാടുകളിൽ നിന്ന് മലക്കം മറിഞ്ഞാണ് ടോൾ പിരിവുമായി സർക്കാർ മുന്നോട്ടുപോകുന്നത്. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് ടോൾ പിരിവ് സംബന്ധിച്ച ചോദ്യത്തിന് അത്തരമൊരു കാര്യം അജണ്ടയിലില്ലെന്ന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയ സർക്കാറാണ് നാല് വർഷങ്ങൾക്കിപ്പുറം നയം മാറ്റിയത്. കിഫ്ബി നടപ്പാക്കുന്ന പദ്ധതികളില്‍നിന്ന് വരുമാനം കണ്ടെത്താന്‍ യൂസര്‍ ഫീ-ടോള്‍ എന്നിവ പിരിക്കുന്ന കാര്യം ആലോചനയിലുണ്ടോയെന്ന് വി.ടി. ബല്‍റാം, ഐ.സി. ബാലകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍, അനില്‍ അക്കര എന്നിവരാണ് നിയമസഭയിൽ ചോദ്യമുന്നയിച്ചത്. ‘‘കിഫ്ബി നടപ്പാക്കുന്ന പദ്ധതികളില്‍ യൂസര്‍ ഫീ- ടോള്‍ എന്നിവ പിരിക്കുന്ന കാര്യം ആലോചനയിലില്ല’ എന്നായിരുന്നു അന്നത്തെ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ മറുപടി. അതേ സമയം വരുമാനത്തിനും വികസനത്തിനുമായി നയം പരിഷ്കരിക്കുന്നതിൽ പ്രശ്നമില്ലെന്ന സമീപനത്തിലേക്ക് സി.പി.എം മാറുന്നെന്നാണ് പുതിയ നീക്കത്തിൽ നിന്ന് വ്യക്തമാകുന്നത്.
മൂന്നു മാസം മുമ്പ് നടന്ന ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രിയാണ് വിഷയമുന്നയിച്ചത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലെ കേന്ദ്ര ഉപരോധം കിഫ്ബി വായ്പകള്‍ക്ക് തടസ്സമാകുന്നെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഈ പശ്ചാത്തലത്തിൽ കിഫ്ബി വഴി നിർമിച്ച സംവിധാനങ്ങൾ വഴി പണം കണ്ടെത്താനുള്ള ശിപാർശ അവരുടെ ഭാഗത്തുനിന്ന് വന്നതായും വിശദീകരിച്ചു. ഇതിനുള്ള ആലോചനകൾ നടക്കുന്നു. അന്തിമ തീരുമാനമാകുമ്പോൾ അറിയിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഉപസംഹാരം. എന്നാൽ, ഉദ്ദേശിച്ചത് ടോളിന്‍റെ കാര്യമാണെന്ന് ഘടകകക്ഷികൾക്കും മനസ്സിലായിരുന്നില്ല. അതുകൊണ്ടുതന്നെ അന്ന് എതിർപ്പും ഉയർന്നില്ല. വിഷയം ചർച്ചയാകുമ്പോഴും സി.പി.ഐ ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ടോൾ പിരിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ലെന്നും ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നുമാണ് മന്ത്രി കെ. രാജന്‍റെ പ്രതികരണം. എൽ.ഡി.എഫ് ചർച്ച ചെയ്തിരുന്നതായി മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ ചൊവ്വാഴ്ച സ്ഥിരീകരിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.