വരുന്നു, സംസ്ഥാനപാതകളിലും ടോൾ; വരുമാനത്തിനുള്ള വഴിതേടി സര്‍ക്കാര്‍
text_fieldsതിരുവനന്തപുരം: ഇനി സംസ്ഥാനപാതകളിലും ടോൾ പിരിവുണ്ടാകും. ടോള്‍പിരിവിലൂടെ വരുമാനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കേരള സർക്കാർ. നിലവിലെ സാഹചര്യത്തിൽ, കിഫ്ബിയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന പാതകളിലാണ് ടോള്‍ ഏര്‍പ്പെടുത്തുക.
50 കോടിരൂപയോ അതിനു മുകളിലോ മുതല്‍മുടക്കുള്ള പാതകളിലായിരിക്കും ടോൾ ഉണ്ടാവുക. കേരളത്തിൽ 1117 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇവയിൽ 500 റോഡുകളില്‍ 30 ശതമാനം പദ്ധതികള്‍ 50 കോടിക്കുമുകളില്‍ മുതല്‍മുടക്കുള്ളതാണ്. ഇതില്‍നിന്ന് വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഈ റോഡുകളിലെല്ലാം ടോള്‍ ഈടാക്കും.
ഈ വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം കിഫ്ബിക്ക് അനുമതി നല്‍കി കഴിഞ്ഞു. കിഫ്ബിയുടെ നേതൃത്വത്തിൽ റോഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തലവികസനപദ്ധതികളില്‍നിന്ന് വരുമാനമുണ്ടാക്കാനുള്ള സാധ്യതാപഠനം നടത്തിവരികയാണ്. ഈ പഠന റിപ്പോര്‍ട്ട് ഉടൻ സര്‍ക്കാരിന് സമര്‍പ്പിക്കും. ദേശീയപാതകളില്‍ ടോള്‍ ഈടാക്കുന്ന ദേശീയപാതാ അതോറിറ്റിയുടെ രീതിയിൽ തന്നെയാണ് സംസ്ഥാനപാതകളില്‍നിന്ന് വരുമാനമുണ്ടാക്കുക.
വന്‍തോതില്‍ വായ്പയെടുത്താണ് കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നത്. ഈ വായ്പ കേന്ദ്രം കടപരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ, കിഫ്ബി പദ്ധതികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ പണം നൽകേണ്ട സ്ഥിതിയായി. ഈ സാഹചര്യത്തിലാണ് ടോള്‍പിരിവിനുള്ള നീക്കം.
ദേശീയപാതകളിലേതുപോലെ ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ച് ടോള്‍ ഈടാക്കുന്ന രീതി കിഫ്ബി പാതകളിലുണ്ടാവില്ല. പകരം, കാമറകള്‍ സ്ഥാപിക്കും. ഫാസ്ടാഗ് പോലെ ടോള്‍ ഈടാക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കാനാണ് സാധ്യത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.