ചീഫ് സെക്രട്ടറിക്ക് യാത്രയയപ്പ്
text_fieldsതിരുവനന്തപുരം: ഭരണനേതൃത്വത്തിെൻറ മനസ്സറിഞ്ഞ് കാര്യങ്ങൾ നടപ്പാക്കുകയെന്നത് ജനാധിപത്യത്തിൽ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ തലത്തിലേക്ക് ഉയർന്നാലേ കാര്യങ്ങൾ അനായാസമായി മുന്നോട്ടുപോകൂ. അത് എങ്ങനെയെന്നത് ചീഫ് സെക്രട്ടറി ടോം ജോസിൽനിന്ന് മാതൃകയാക്കാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് നൽകിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തങ്ങൾ ഒരു പ്രത്യേക ജനുസാണെന്നും ജനാധിപത്യവും ജനപ്രതിനിധികളുമാണ് തങ്ങൾക്ക് തടസ്സമെന്നും കരുതുന്ന ചിലരെങ്കിലും സിവിൽ സർവിസിലുണ്ട്. ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തിലുണ്ടാകില്ല. അർപ്പണബോധം, കാര്യക്ഷമത, ആത്മാർഥത ഇതൊക്കെയാണ് വിജയത്തിളക്കം സ്വന്തമാക്കാൻ ടോംജോസിന് തുണയായത്.
സിവിൽ സർവിസിെൻറ വരേണ്യസംസ്കാരത്തിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്ക് അപൂർവമായി മാത്രമേ ഇത്തരത്തിൽ മാറാനാകൂ. നയതന്ത്ര സ്വഭാവമുള്ള ഒട്ടേറെ കാര്യങ്ങളിൽ ഇന്ത്യയുടെ പ്രതിനിധിയായി അദ്ദേഹത്തിന് പ്രവർത്തിക്കാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദുരന്തങ്ങളെ നേരിടുന്നതിൽ ഇന്ത്യയിലും ലോകവ്യാപകമായും അംഗീകാരം കിട്ടുന്ന നിലയിൽ കേരളം എത്തിയത് ടീം വർക്കിെൻറ ഭാഗമായാണെന്ന് ടോം ജോസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. വിജയങ്ങൾ എന്തുമാത്രമാണ് എന്നുള്ളതുകൊണ്ട് ഒരാളെ വിലയിരുത്തരുത്. വീഴ്ചകളിൽനിന്ന് എത്രമാത്രം എഴുന്നേറ്റു മുന്നോട്ടുപോകാനായി എന്നതിൽ നിന്നാണ് പരിഗണിക്കേണ്ടെതന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.