‘മരണഭയം ഉണ്ടായില്ല; കരയുകയോ വിറക്കുകയോ ചെയ്തില്ല’
text_fields
ന്യൂഡൽഹി: തട്ടിക്കൊണ്ടുപോകും മുമ്പ് കൺമുമ്പിൽ കൊല്ലപ്പെട്ട നാല് സിസ്റ്റർമാർക്കുവേണ്ടി പ്രാർഥിച്ചായിരുന്നു ഫാ. ടോമിെൻറ സി.ബി.സി.െഎ ആസ്ഥാനത്തെ സംസാരം. പറയാനുള്ളതെല്ലാം വാർത്തക്കുറിപ്പായി നൽകിയ ശേഷം സംസാരിക്കാനിരുന്ന ടോം തെൻറ മോചനത്തിനായി പണമോ ഏതെങ്കിലും തരത്തിലുള്ള മോചനദ്രവ്യമോ കൊടുത്തതായി അറിവില്ലെന്ന് പറഞ്ഞു.
‘‘കുർബാന കഴിഞ്ഞ് ചാപ്പലിൽ പ്രാർഥിച്ചുകൊണ്ടിരിക്കേയാണ് 2016 മാർച്ച് അഞ്ചിന് രാവിലെ തട്ടിക്കൊണ്ടുപോയത്. തന്നെ റാഞ്ചിയ സംഘം മറ്റൊരു സംഘത്തിന് കൈമാറി. നിരവധി സമയങ്ങളിലായി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റപ്പെട്ടു. അപ്പോഴെല്ലാം കണ്ണുകെട്ടിയ നിലയിലായിരുന്നു. അവർ വരുേമ്പാഴെല്ലാം കണ്ണുമൂടിവെച്ചിരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പീഡിപ്പിക്കുകയോ മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തില്ല. തുടക്കത്തിൽ കൈയും കാലും ബന്ധിച്ചിരുന്ന അവർ പിന്നീട് അത് അഴിച്ചു. രോഗബാധിതനായപ്പോൾ ഒന്നു രണ്ടു തവണ മരുന്ന് നൽകി. അവരുടെ ആവശ്യങ്ങൾ തന്നെക്കൊണ്ട് പറയിച്ച് വിഡിയോ റെക്കോഡ് ചെയ്തു. അവർ പറയാൻ ആവശ്യപ്പെട്ടത് അപ്പടി ഏറ്റുപറയുകയാണ് ചെയ്തത്. ഇൗ സമയത്ത് പശ്ചാത്തലത്തിൽ ശബ്ദമുണ്ടാക്കി അവർ പീഡിപ്പിക്കാനും അപകടം വരുത്താനും പോകുകയാണെന്ന പോലെ ഭാവിച്ചു. എന്നാൽ, ഒരിക്കൽപോലും അവരെന്നെ ഉപദ്രവിച്ചില്ല.
കഴിഞ്ഞ 18 മാസവും ലോകവുമായി ഒരു തരത്തിലുള്ള ആശയവിനിമയവുമുണ്ടായില്ല. വായുസഞ്ചാരമുള്ള മുറിയിലായിരുന്നു പാർപ്പിച്ചിരുന്നത്. ഇരിക്കാനും ഉറങ്ങാനും കിടക്കപോലൊരു കട്ടി കുറഞ്ഞ സ്പോഞ്ച് മാത്രമാണുണ്ടായിരുന്നത്. രണ്ട് പ്രാവശ്യം പനിയും ഒരിക്കൽ പിടലി വേദനയുമുണ്ടായി. മുറിയിൽ ഒറ്റക്കായിരുന്നപ്പോൾ പാട്ടുപാടിയും പ്രാർഥന ചൊല്ലിയും ആത്മപ്രകാശനം നടത്തി. ഇൗ സംഭവമത്രയും എന്നിലുള്ള വിശ്വാസമേറ്റുകയും ദൈവത്തോട് കൂടുതൽ അടുപ്പിക്കുകയുമാണ് ചെയ്തത്. മരണഭയം അശേഷമുണ്ടായില്ല. കരയുകയോ വിറക്കുകയോ ചെയ്തില്ല. ഇന്നിപ്പോൾ എെൻറ രാജ്യത്ത് തിരിച്ചെത്തുേമ്പാൾ എല്ലാവർക്കും നന്ദി പറയുകയാണ്. സർവശക്തനായ ദൈവത്തിനാണ് ആദ്യമായി നന്ദി. യേശുവിെൻറ നാമത്തിൽ എല്ലാവർക്കും നന്ദി.
രാഷ്ട്രപതി, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശ മന്ത്രി സുഷമ സ്വരാജ്, ഫ്രാൻസിസ് മാർപാപ്പ, ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബുസ് തുടങ്ങിയവർക്കും കത്തോലിക്ക സഭയുടെയും സലേഷ്യൻ സമൂഹത്തിെൻറയും ഉന്നത വൈദികർക്കും ഫാ. ടോം നന്ദി പറഞ്ഞു. 1973ൽ യമൻ സർക്കാറിെൻറ ഒൗദ്യോഗിക ക്ഷണം സ്വീകരിച്ചാണ് മദർ തെരേസ മിഷനറീസ് ഒാഫ് ചാരിറ്റി ചില കേന്ദ്രങ്ങൾ തുടങ്ങിയത്. 2010ലാണ് ഫാ. ടോം സേവനത്തിനായി യമനിലേക്ക് പോകുന്നത്. 2015ൽ ആഭ്യന്തര യുദ്ധം തുടങ്ങുേമ്പാൾ ഇന്ത്യയിലായിരുന്നു. സഭ ഏൽപിച്ച ചുമതല നിർവഹിക്കാനാണ് യമനിലേക്ക് പോയതെന്നും ഫാ. ടോം ഉഴുന്നാലിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.